Thursday, 23 April 2020

ഒരു താല്കാലിക ഗാനഗന്ധർവൻ

കോളേജിൽ റാഗിങ് നിയമവിരുദ്ധമാണെങ്കിലും ചെറിയ രീതിയിൽ ഉള്ള പരിചയപ്പെടൽ സാധാരണയാണല്ലോ....എനിക്കും ഉണ്ടായി ഒരനുഭവം...😊

വർഷം 2006...ഒരുപാട് പ്രതീക്ഷകളോടെ കോളേജിന്റെ പടിവാതിലിൽ കാലെടുത്തു വച്ചു...🚶‍♂️ക്ലാസ്സിൽ കയറുന്നതിനു മുൻപേ ഒരു സീനിയർ പയ്യൻ വന്നു വിളിച്ചു..."ഇവിടെ വാടാ !!"😠 ഞെഞ്ചിടിപ്പോടെ ഞാൻ അടുത്ത് ചെന്നു...എന്നോട് പേര്, സ്ഥലം, ഡിപ്പാർട്മെന്റ് ഇതൊക്കെ ചോദിച്ചു...എല്ലാത്തിനും വിനീതനായി ഞാൻ മറുപടി പറഞ്ഞു.... വീണ്ടും ഭീഷണിയുടെ സ്വരത്തിൽ "ഇനി നീ ഒരു പാട്ടു പാട്...!!". സ്ഥിരം കുട്ടികൾ പറയുന്ന പോലെ ഞാനും പറഞ്ഞു "എനിക്ക് പാടാനൊന്നും അറിയില്ല സേട്ടാ". "പാടാതെ നീ ഇവിടന്ന് പോകില്ല...പാട്രാ..!! 😡😡

ഭീഷണിയുടെ സ്വരം കടുത്തതോടെ മൂളിപ്പാട്ട് പോലും പാടാത്ത ഞാൻ പാടാൻ തീരുമാനിച്ചു...ആ സമയത്താണ് ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമ ഇറങ്ങുന്നത്...വിനീത് ശ്രീനിവാസൻ പാടിയ "എന്റെ ഖൽബിലെ വെണ്ണിലാവ് നീ" എന്ന ഗാനം കത്തി നിക്കുന്ന സമയം....നമുക്ക് ആറാം തമ്പുരാനിലെ ലാലേട്ടനെ പോലെ സംഗീത ഗുരുക്കൻമ്മാർ ആരും ഇല്ലാത്തത് കൊണ്ട് ഒരു ഉളുപ്പും ഇല്ലാതെ മേല്പറഞ്ഞ ഗാനം വച്ചു കാച്ചി...നാലു വരിയിൽ തന്നെ സീനിയർ ഫ്ലാറ്റ്..."നീ കൊള്ളാം...അടുത്ത കോളേജ് ഫങ്ക്ഷനിൽ നീ ഈ പാട്ടു തന്നെ പാടണം." ഇയാൾക്ക് തലയ്ക്കു സുഖമില്ലേ", 🙄 എന്ന് പിറുപിറുത്തു കൊണ്ട് ഞാൻ എന്റെ ക്ലാസ്സിൽ പോയി ഇരുന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോളേജ് യൂണിയൻ ഭാരവാഹി ക്ലാസ്സിൽ വന്നു ചോദിച്ചു..."ആരാ അരുൺ...നീ പാടുമല്ലേ...നിന്റെ പേര് കൊടുത്തിട്ടുണ്ട്... മറ്റന്നാൾ സ്റ്റേജിൽ കേറി പാടണം. എല്ലാം വളരെ പെട്ടന്നായിരുന്നു...കോളേജിൽ പാടാൻ അവസരം കിട്ടുക എന്നത് ചില്ലറ കാര്യമല്ല...പക്ഷേ "എന്റെ ഖൽബിലെ" എന്ന ഗാനം പാടാൻ കഴിഞ്ഞില്ല. അതൊക്കെ കോളേജിലെ ആസ്ഥാന ഗായകർ പാടും...അന്നത്തെ ഹിറ്റ് ഗാനമല്ലേ...🎶🎸

അങ്ങനെ ഏതു പാട്ടു പാടും എന്ന ആലോചനയിൽ ഇരിക്കുമ്പോളാണ് യുഗ്മഗാനം എന്ന ആശയം മനസ്സിൽ വന്നത്...ക്ലാസ്സിൽ പാടുന്ന ഒരു കുട്ടി ഉണ്ടായിരുന്നു.... എന്നെപ്പോലെയല്ല...സംഗീതം അഭ്യസിച്ച കുട്ടി...🎼അവൾ കൂടെ പാടാമെന്ന് സമ്മതിക്കുന്നു....🎤

ഗവണ്മെന്റ് കോളേജിൽ... അതും കോളേജ് യൂണിയൻ പിന്തുണയോടെ പാടുമ്പോൾ അതൊരു വില തന്നെയല്ലേ...അവസരം ചിലപ്പോൾ നമ്മളെ തേടി വരും..അപ്പോൾ കേറി അങ്ങ് മിന്നിച്ചേക്കണം...അതെ..മിന്നിച്ചു.... കീർത്തിചക്ര എന്ന ചിത്രത്തിലെ "പൂഞ്ചോലൈ കിളിയെ" എന്ന കാർത്തിക് പാടിയ ഗാനം....പാടി....🎤🎶 പാട്ടിനൊപ്പം ഞാനും ഹിറ്റ് ആയി... (വീണ്ടും പാടാൻ പറയരുത് 🙏) കൈയടിയുടെ മേളം...👏👏. കോളേജ് മുഴുവൻ  "അരുൺ" എന്ന പേര് മുഴങ്ങിക്കേട്ട ദിവസമായിരുന്നു അത്....സത്യത്തിൽ അങ്ങനെയൊക്കെ പാടാൻ പറ്റുമെന്ന് ഞാൻ എന്റെ സ്വപ്നത്തിൽ പോലും കരുതീട്ടില്ല.. തള്ളിയതല്ല കേട്ടോ...നടന്നതാ..🙈

പിന്നീടങ്ങോട്ട് ഫാൻസ്‌ കൂടി...👋അല്പം തലക്കനം ഒക്കെ വന്നു...ഗായകൻ അല്ലേ...👨‍🎤അതും കോളേജിൽ ഗായകന്മാർക്ക് ഉള്ള സ്വാധീനം ഞാൻ പറയാതെ തന്നെ അറിയാമല്ലോ.... 😜 അങ്ങനെ അടുത്ത പ്രോഗ്രാം വന്നു...കാർത്തിക് പാടിയ പാട്ടു തന്നെ പാടണം എന്ന് നിർബന്ധം.... ഒടുവിൽ ഗാനം തിരഞ്ഞെടുത്തു...ഗജിനി എന്ന സിനിമയിലെ "ഒരു മാലൈ ഇളവെയിൽ നേരം". ഒരു ട്രയൽ പോലും നോക്കീല...ചുമ്മാ പാട്ടൊന്ന് കേട്ടു നോക്കി....മതി..ധാരാളം...സ്റ്റേജിൽ കസറും...അതാണല്ലോ ശീലം...ഗായകൻ അല്ലേ..😎.

ക്ലാസ്സിലെ കുട്ടികളും....എന്തിനു കോളേജ് മുഴുവൻ എന്റെ പാട്ടു കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നു...സുഹൃത്തു ഹരി...അവനു കാലിൽ എന്തോ പരിക്ക് പറ്റി നടക്കാൻ പോലും വയ്യാതെ എന്റെ പാട്ടു കേൾക്കാൻ വേണ്ടി മാത്രം വന്നു ഗാലറിയിൽ ഇടം പിടിച്ചു....നല്ല തിരക്ക്..എന്റെ പേര് മൈക്കിലൂടെ പറഞ്ഞതും കൈയ്യടി തുടങ്ങി....കർട്ടൻ മെല്ലെ മുകളിലേക്ക് ഉയർന്നു....എന്നെ കണ്ടതോടെ കൈയ്യടിയുടെ ശബ്‍ദം കൂടി വന്നു....ആ ഒരു സെലിബ്രിറ്റി ഫീൽ ഉണ്ടല്ലോ.....അതൊക്കെ അനുഭവിക്കണം...❤️

കരോക്കെ ഇട്ടു....ഞാൻ പാടിത്തുടങ്ങി....
"ഒരു മാലൈ ഇളവെയിൽ നേരം..
അഴകാന ഇളയുതിർ കാലം..."
ഇത്രേം പാടിയതേ എനിക്ക് ഓർമ്മയുള്ളൂ....😬കോളേജ് മൊത്തം കൂകി വിളിച്ചു.... പാടിയപ്പോൾ വെള്ളി വീണതാണോ സ്വർണ്ണം വീണതാണോ എന്നൊന്നും ഒരു പിടിയുമില്ല...ശബ്ദം ആകെ ഇടറി...ആദ്യ രണ്ടു വരി കേട്ടപ്പോ തന്നെ സുഹൃത്തു ജോൺസൻ മതിൽ വഴി എടുത്ത് ചാടി രക്ഷപെട്ടു.🏃‍♂️ സുഹൃത്തു റിയാസ് അവനെന്തോ ഫോൺ വന്ന പോലെ ഫോണും ചെവിയിൽ പിടിച്ചു ഒറ്റ ഓട്ടം...🕺🤳. നടക്കാൻ വയ്യാത്ത ഹരി മാത്രം ആൾകൂട്ടത്തിൽ നിന്നു കൊണ്ട് എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു....🙆‍♂️ കർട്ടൻ പൊക്കിയവൻ എന്നെ പുച്ഛത്തോടെ നോക്കികൊണ്ട് കർട്ടൻ ഇട്ടോട്ടെ എന്ന മുഖഭാവത്തിൽ ആക്കി ചിരിക്കുന്നു...🙏

എന്നാലും ചില കട്ട ഫാൻസ്‌ കൈയടിച്ചു.... ഞാനും  വിട്ടു കൊടുത്തില്ല...രണ്ടു വരി അല്ലേ ആയുള്ളൂ...മൂന്നാമത്തെ വരിയിൽ പോയ മാനം തിരിച്ചു  പിടിക്കാം...💪. ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടിൽ വീണ്ടും പാടി....അതേ ഇടറിയ ശബ്ദം...ഇത്തവണ കൂവലിന്റെ ശക്തി കൂടി കൂടി വന്നു...പാടി മുഴുമിപ്പിക്കാൻ അവർ സമ്മതിച്ചില്ല...ദേഹത്തു മണ്ണ് പറ്റും എന്ന അവസ്ഥ വന്നതോടെ കർട്ടൻ താഴ്ത്തേണ്ടി  വന്നു....സ്റ്റേജിൽ നിന്നും ഇറങ്ങിയപ്പോ ഹരി എന്നോട് ചോദിച്ചു..."ഡാ...നിനക്കെന്ത് പറ്റി...? " ഞാൻ പറഞ്ഞു "കൂൾ ഡ്രിങ്ക്‌ഡ്‌ കുടിച്ചതിന്റെ ആകാം...ശബ്ദം ഇടറി..." ഇത് കേട്ടു മറ്റുള്ള കൂട്ടുകാരും ഓടി വന്നു...."പ്ഫാാ....പാടാൻ കേറുമ്പോളാണോടാ തണുത്ത വെള്ളം കുടിക്കുന്നത്" എന്നൊരു ആട്ടലിൽ തുടങ്ങി സന്തോഷ്‌ ജോർജ് കുളങ്ങര പറയുന്ന പോലെ അവർ എന്തൊക്കെയോ ഗോത്രഭാഷയിൽ എന്നോട് സംസാരിച്ചു....🙉

ഒരു ഗായകന്റെ ഉയർച്ചയും പതനവും ഒരേ വേദിയിൽ...അന്നെന്റെ പാട്ട് കേട്ടവർ ആരും പിന്നീടൊരിക്കലും അതിന്റെ ഒറിജിനൽ കേൾക്കാൻ വഴിയില്ല...അത്രക്ക് ഗംഭീരപ്രകടനം ആയിരുന്നു ഞാൻ കാഴ്ച വച്ചത് 🙈. എന്തിനു...ഞാൻ പോലും ആ പാട്ടു വെറുത്തു പോയി...15 വർഷങ്ങൾക്ക് ശേഷം ഈ കുറിപ്പെഴുതാൻ വേണ്ടി ഇന്നലെ ഞാൻ ആ പാട്ടു വീണ്ടും കേട്ടു...എനിക്ക് തന്നെ ചിരി വന്നു...എന്തൊക്കെ ആയിരുന്നു...😐

എന്നെ സംഗീതം പഠിക്കാൻ വിടാത്തത് കൊണ്ട് അമ്മയോട് എപ്പോളും ഞാൻ പരാതി പറയുമായിരുന്നു....അച്ഛനോട് പറഞ്ഞാൽ പറയും "മോനേ...ഇവിടെ 5 പശുക്കൾ ഉണ്ട്...നീ വെറുതെ പാടി അതുങ്ങളെ വെറുപ്പിക്കരുത്" 🙄

എന്തായാലും റാഗിങ് കാരണം ഉള്ളിലെ പാട്ടുകാരൻ പുറത്തു വന്നു....പിന്നെയും ഒരുപാട് വേദികളിൽ "വിനീതനായി" പാടി...കൈയ്യടി കിട്ടി... ഇപ്പോൾ പാടാറില്ല....അവസരം ഇല്ല...പിന്നെ smule...അതൊന്നും ഒരു രസമില്ലന്നേ....സ്റ്റേജിൽ കേറി പാടുന്ന സുഖം ഒന്നു വേറെ തന്നെയാ...🎤🎶. അതിപ്പോ കൈയടി ആയാലും കൂവൽ ആയാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുക.. നിർത്തുന്നു...💕💕💕

സന്ദേശം : വിനയാന്വിതനായിരിക്കുക... വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കുക...!! 

Be Humble...Don’t Let Success Go to Your Head...!!

Sunday, 19 April 2020

മഹാനായ രസതന്ത്രജ്ഞൻ 🧪👨🏻‍🔬💥===============================

മഹാനായ രസതന്ത്രജ്ഞൻ 🧪👨🏻‍🔬💥
=============================
ഡിഗ്രി ഒന്നാം വർഷം...(BSc. Industrial Chemistry, കാര്യവട്ടം ഗവണ്മെന്റ് കോളേജ്). ക്ലാസ്സിൽ കേറുന്ന പതിവ് കുറവാണെങ്കിലും കെമിസ്ട്രി ലാബിൽ എന്റെ സ്ഥിരസാന്നിദ്ധ്യം ഉണ്ടായിരുന്നു.⚗️🧪🧫

Titration (ഒരു ലായനിയുടെ സാന്ദ്രത കാണുന്ന പ്രക്രിയ) ആയിരുന്നു ലാബിൽ ചെയ്യാനിഷ്ടവും...നിറം മാറുന്ന ഒരു പരിപാടി എന്ന് വേണേൽ പറയാം...പച്ചവെള്ളത്തിൽ ഉജാല ഒഴിക്കില്ലേ...ഏതാണ്ട് അത് പോലെ ഇരിക്കും..🤭. ഒരു തുള്ളി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം കുളമാകും...വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യം..

ആദ്യവർഷം ആയത് കൊണ്ട് എല്ലാവരെയും പരിചയമായി വരുന്നതേ ഉള്ളൂ....ക്ലാസ്സിൽ ഒരു ഉണ്ടക്കണ്ണി ഉണ്ടായിരുന്നു...🙄. ലാബിൽ അവൾ  എന്റെ അടുത്തായിരുന്നു നിന്നത്...ഇടക്കിടക്ക് ഉണ്ടക്കണ്ണ് ഒന്നൂടെ ഉരുട്ടികൊണ്ട്  അവൾ ചോദിക്കും..."ഡാ കിട്ടിയോടാ???". ഞാനും കണ്ണുരുട്ടി തന്നെ നോക്കി പറയും "കിട്ടീല....കണ്ടൂടെ ചെയ്യുന്നത്" 🤨. പിന്നെ കുറച്ച് നേരത്തേക്ക് അവൾ നോക്കില്ല...

എല്ലാരും titration ചെയുന്ന തിരക്കിലാണ്...കൂട്ടത്തിൽ ഒരുവൻ വിഷ്ണു സാറിനോട് ചോദിച്ചു..."സാറേ, ഈ ലാബിൽ Sulphuric Acid ഒന്നും ഇല്ലേ...പുറത്തൊന്നും കാണാൻ ഇല്ലല്ലോ...?? "🤔 അപ്പോൾ സാറിന്റെ രസകരമായ മറുപടി.. "ഉണ്ടല്ലോ...പക്ഷേ നിന്നെയൊക്കെ പോലെ വീര്യം കൂടിയ ഇനമാണ് അതും...അത് കൊണ്ട് തമ്മിൽ കാണാതിരിക്കാൻ അലമാരിയിൽ വച്ചു പൂട്ടിയേക്കുവാണ്.... Titration ചെയ്തു value കൊണ്ട് വാടാ വേഗം...അവന്റെ ഒരു സംശയം..!!"" 😡😡 ഇത് കേട്ട് എല്ലാരും ചിരിക്കുന്നു....ആ ഉണ്ടക്കണ്ണിയും എന്നെനോക്കി കുണുങ്ങി കുണുങ്ങി ചിരിക്കുന്നു...അവളെ തുറിച്ചു നോക്കികൊണ്ട് വലിയ ഏതോ സയന്റിസ്റ്റിനെ പോലെ ഞാൻ Titration-ൽ  മുഴുകിയിരുന്നു...ഒന്ന് രണ്ടു തുള്ളി കൂടി വീണാൽ ഒരു പിങ്ക് കളർ വരും. അപ്പോ കിട്ടുന്ന value എഴുതണം. ഒടുവിൽ പിങ്ക് കളർ കിട്ടി...ഹാവൂ...ഒരു രാജ്യം വെട്ടിപ്പിടിച്ച പ്രൗഢി......ആദ്യം എനിക്ക് തന്നെ കിട്ടിയെന്ന അഹങ്കാരവും....😏.

ഇത് കണ്ടു നിന്ന ആ  ഉണ്ടക്കണ്ണി "ആഹാ....നിനക്കു കിട്ടി അല്ലേടാ" എന്ന് പറഞ്ഞു തോളിൽ ഒറ്റ തട്ട്.....ആ തട്ടിൽ കൈ തെറ്റി മൂന്ന് നാലു തുള്ളി കൂടി വീണു...പിങ്ക് നിറം മാറി വയലറ്റ് നിറമായി...എല്ലാം കുളമായി... ചീട്ടുകൊട്ടാരം പോലെ എല്ലാം തകർന്നടിഞ്ഞു..."🥺. ഇത് കണ്ട് വന്ന സാർ എന്നെ കുറേ വഴക്കും. "ഇങ്ങനെ ആണോടോ ചെയ്യുന്നത്....താൻ ഇനി ചെയ്യണ്ട"..
ഞാൻ ആ ഉണ്ടക്കണ്ണിയെ രൂക്ഷമായൊന്നു നോക്കി...അവളാണേൽ ഒന്നും അറിയാത്ത പോലെ നിൽക്കുന്നു...അമ്മാതിരി അഭിനയം...😳 "ഇവൾക്ക് വല്ല സിനിമയിലും അഭിനയിക്കാൻ പോയികൂടെ.. പെരുങ്കള്ളി" (ഞാൻ മനസ്സിൽ പറഞ്ഞു).

വിഷമത്തോടെ നിൽക്കുന്ന എന്നെ നോക്കി വിഷ്ണു സർ പറഞ്ഞു..."നീ പോയി ആ  evaporating dish (ചെറിയൊരു പാത്രം പോലെ ഇരിക്കും) എടുത്ത് കൊണ്ട് വന്നേ".അതല്പം ദൂരെ ആണ് ഇരിക്കുന്നത്...അവിടെ ചെന്നപ്പോൾ ഒരെണ്ണം പോലും ഇല്ല...നോക്കി നോക്കി അവസാനം ഒരെണ്ണം കിട്ടി...അതിലാണെങ്കിൽ നിറയെ അഴുക്കുവെള്ളം പോലെ എന്തോ കിടക്കുന്നു..."😒😒 ഇവർക്കൊക്കെ ഇതൊക്കെ ഒന്ന് വൃത്തി ആക്കി വച്ചൂടെ....ലാബ് ആണ് പോലും.."മുറുമുറുത്തു കൊണ്ട് ഞാൻ അതുമെടുത്ത് വാഷ് ബേസിൻ ലക്ഷ്യമാക്കി നടന്നു....🚶‍♂️🚶‍♂️

പാത്രത്തിലെ അഴുക്കുവെള്ളം ഞാൻ വാഷ്‌ബേസിനിൽ കളഞ്ഞു....പെട്ടന്ന് വാഷ് ബേസിനിൽ നിന്നും പുക വരുന്നത് പോലെ ഒരു തോന്നൽ.... തോന്നൽ അല്ലാ പുക കൂടി കൂടി വരുന്നു...എന്തോ പന്തികേട് തോന്നി..പെട്ടെന്ന് എന്നിലെ സ്വബോധം ഉണർന്നു...ലാബിനു തീ പിടിക്കുമോ?? എന്റെ സർ...എന്റെ കൂട്ടുകാർ...എല്ലാവരെയും എനിക്ക് രക്ഷിക്കണം....സൂപ്പർമാനൊക്കെ മനസ്സിൽ വന്നിട്ടു പോയി..🦸‍♂️🦸..presence of mind എന്നൊക്കെ പറയില്ലേ....ഉടൻ തന്നെ പൈപ്പ് തുറന്നു.....വെള്ളം വാഷ്‌ബേസിനിലേക്ക് ഒഴുകി...തീ പടരാൻ പാടില്ലല്ലോ....🔥

വെള്ളം തുറന്ന് വിട്ടത് മാത്രം എനിക്ക് ഓർമയുണ്ട്....പിന്നീട് ലാബിൽ ദീപാവലി ആയിരുന്നു....എങ്ങും വെടിയൊച്ചകൾ മാത്രം..🔥⚡️. വിഷ്ണു സർ ചിതറി ഓടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു....വെടിയൊച്ച കേട്ട് പേടിച്ചു പോയ പെൺകുട്ടികളുടെ കയ്യിൽ നിന്നു ടെസ്റ്റ്‌ ട്യൂബ്സ്, ബീക്കർ എല്ലാം തറയിൽ വീണു പൊട്ടി...ആകെ കബൂർ സീൻ...🤦‍♂️

സോഡിയം മണ്ണെണ്ണയിൽ ഇട്ടു വച്ചിരുന്ന പാത്രമാണ് ഞാൻ എടുത്ത് കൊണ്ട് വന്നത്...അത് വെള്ളത്തിൽ ഇട്ടാൽ പൊട്ടുമെന്ന് അറിയാമെങ്കിലും ഇങ്ങനെയൊക്കെ പൊട്ടാമോ...🤕. 

കുറച്ച് കഴിഞ്ഞു യുദ്ധഭൂമി ശാന്തമായി...സർ എന്നെ അടുത്തേക്ക് വിളിച്ചു...ആ സമയത്ത് കോളേജിലെ പ്യൂൺ ലാബിലേക് കേറി വന്നു ഒരു പേപ്പർ സാറിന്റെ കയ്യിൽ കൊടുത്തു... "Shooting Sports"നു താല്പര്യം ഉള്ളവർ പേര് കൊടുക്കാൻ ഉള്ള സർക്കുലർ ആയിരുന്നു അത്...അത് വായിച്ച ഉടനെ സർ എന്നെ ചൂണ്ടികാണിച്ചു പറഞ്ഞു "ഇതിനു ഇവൻ ബെസ്റ്റാണ്....ഇപ്പോ കുറേ പൊട്ടിച്ചതേ ഉള്ളൂ". ലാബ് മൊത്തം കൂട്ടച്ചിരി...😆😆

ചിരിക്കണോ കരയണോ എന്നറിയാതെ ലാബിൽ നിന്നും ഞാൻ പുറത്തേക്ക് ഇറങ്ങി...അപ്പോളും ആ ഉണ്ടക്കണ്ണി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..🤭🤭🤭

ശുഭം.. !!🏃‍♂️🏃🚶‍♂️🚶
വര : റീജോ എം ലോറൻസ് ❤️❤️❤️

Thursday, 16 April 2020

ലക്ഷ്യം

ലക്ഷ്യം
======
ഡിഗ്രി കഴിഞ്ഞ് ജേർണലിസം പഠിക്കാൻ  ആയിരുന്നു താല്പര്യം...നിർഭാഗ്യവശാൽ അത് നടന്നില്ല...ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ എപ്പോളും ഉണ്ടായിരുന്നു...😊

പോസ്റ്റ്‌ ഗ്രാജുവേഷൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ആയിരിന്നു...പഠനം പൂർത്തിയാകുന്ന സമയത്താണ് മാതൃഭൂമി ന്യൂസിൽ ലൈബ്രേറിയന്റെ ഇന്റർവ്യൂനു വിളിക്കുന്നത്....മനസ്സിൽ മണ്ണിട്ടു മൂടിയ ആഗ്രഹം വീണ്ടും പൊട്ടിമുളച്ചു...ഒരുപാട് പ്രതീക്ഷകളോടെ ഞാൻ, അഷ്‌കർ, മനോജ്‌, ബവിജേഷ്,റീജോ  ഇങ്ങനെ കുറച്ച് പേർ ഇന്റർവ്യൂന് പോയി...😊😊

ചോദ്യശരങ്ങൾ എന്ന് കേട്ടിട്ടേ ഉള്ളൂ....അന്ന് കണ്ടു....

ആദ്യത്തെ ശരം  "ഇന്നത്തെ പത്രം വായിച്ചു കാണുമല്ലോ...അതിൽ രണ്ടാമത്തെ പേജിലെ ഇടത്തേയറ്റം കൊടുത്തേക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ പറയൂ??" 
ഉത്തരം : അറിയില്ല 

രണ്ടാമത്തെ ശരം: താങ്കളുടെ മണ്ഡലത്തിലെ  MLA എത്ര വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്  വിജയിച്ചത്? 
ഉത്തരം : അറിയില്ല

മൂന്നാമത്തെ ശരം: ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട്  ക്രിക്കറ്റ് മത്സരത്തിൽ ധോണിയുടെ വിക്കറ്റ് എടുത്ത ബൗളറിന്റെ പേര്? 
ഉത്തരം : അറിയില്ല 

ഇങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ...ചിലതിനൊക്കെ ഉത്തരം പറഞ്ഞെങ്കിലും വ്യക്തത ഇല്ലായിരുന്നു... അങ്ങനെ ശരപഞ്ചരമായി ഞാൻ പുറത്തേക്ക് ഇറങ്ങി വന്നു...അപ്പോ ഒരു ചോദ്യം കൂടി പുച്ഛത്തോടെ അവർ ചോദിച്ചു...നിനക്കു കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്നെങ്കിലും അറിയാമോ?? ...ആ ചോദ്യം ഞെഞ്ചിൽ അങ്ങ് തറച്ചു...വിഷമം സഹിക്കാൻ വയ്യ..."ഒട്ടും സഹിക്കാൻ പറ്റാതായത്" അഷ്‌കർ, മനോജ്‌,  ബവിജേഷ്‌ ഇവർക്ക് ആ ജോലി ലഭിച്ചു എന്നുള്ളതാണ്...കള്ള ബടുവകൾ...🙈🙈. വെറുതെയാണ് കേട്ടോ...ശരിക്കും മാതൃഭൂമിയിൽ എനിക്ക്  ജോലി ലഭിക്കാത്തതിൽ എന്നേക്കാൾ വിഷമം  അവർക്കായിരുന്നു....മനസ്സിൽ പൊട്ടിമുളച്ച ആഗ്രഹം  മണ്ണിട്ട് മൂടി പുതിയൊരു ജോലി അന്വേഷിച്ചു ഞാൻ നടന്നു...🚶‍♂️🚶🚶

അങ്ങനെ ശാസ്ത്ര ഭവനിലെ ലൈബ്രറിയിൽ  താത്കാലികമായി ജോലി ലഭിച്ചു...ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ മനോരമ ന്യൂസിൽ ലൈബ്രേറിയൻ ഒഴിവ് ഉണ്ടെന്ന് അറിഞ്ഞു....എല്ലാം മറന്നിരുന്ന എന്നെ വീണ്ടും അമിതമായി പ്രോത്സാഹിപ്പിച്ച നാല്  മഹത് വ്യക്തികൾ... സോണി, അഷ്‌കർ, മനോജ്‌, ബവിജേഷ്‌...."നീ മരണ മാസ്സാണ്...നിനക്കു ഇത് കിട്ടും" തുടങ്ങി ഒരഞ്ചു കുറ്റി പുട്ടിനുള്ള തള്ള് ഇവർ തള്ളി...🤚✋️.തുടർന്ന് എന്നെ അവർ പഠിപ്പിക്കാൻ തുടങ്ങി...ചോദ്യങ്ങൾ എങ്ങനെ ഏതു രീതിയിൽ ചോദിക്കും, അതിനുള്ള മറുപടി എങ്ങനെ കൊടുക്കണം, വര്‍ത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങള്‍ ഇതൊക്കെ അക്കമിട്ടു മനസ്സിൽ കുറിച്ചു...അത്യാവശ്യം പത്രവായന കൂടിയപ്പോൾ സംഗതി ഉഷാറായി...ഒരു ആത്മവിശ്വാസം....ഈ മുറിവേറ്റ സിംഹത്തിന്റെ ഗർജനം എന്നൊക്കെ പറയില്ലേ...😜..ആ ഒരു ഫീൽ...😊😊

ഒടുവിൽ കോട്ടയം മനോരമ ഓഫീസിലേക്ക് സോണിയുടെ പഴയ മാരുതി 800ൽ വച്ചു പിടിച്ചു...ഇന്റർവ്യൂ തുടങ്ങി...ഒരൊറ്റ ചോദ്യത്തിന് പോലും എന്നെ തോല്പിക്കാൻ അവർക്കായില്ല...ചോദ്യശരങ്ങൾക്കെല്ലാം ബ്രഹ്മാസ്ത്രം പോലെ കൃത്യമായ മറുപടി...അതിൽ ഏറ്റവും കുഴക്കുന്ന ചോദ്യം ഇതായിരുന്നു..."കഴിഞ്ഞ ആഴ്ച ഒരു ബോംബ് സ്ഫോടനം ഇന്ത്യയിൽ ഉണ്ടായി...അത് ഏതു സംസ്ഥാനത്തിൽ ആണെന്ന് എന്ന് താങ്കൾക്ക് അറിയാം...പക്ഷേ ബോംബ് വച്ചിരുന്നത് എവിടെയായിരുന്നു? " ഇതിൽ ഞാൻ തോൽവി സമ്മതിക്കും എന്നവർ കരുതി...പക്ഷേ ഉത്തരം ഞാൻ പറഞ്ഞു "സൈക്കിൾ". ഇത് കേട്ടു ഞെട്ടിയ ഇന്റർവ്യൂ ബോർഡിലെ അംഗം എന്നോട് ചോദിച്ചു..താൻ വിചാരിച്ച പോലെ അല്ലാലോ...തോൽക്കാൻ മനസില്ല അല്ലേ...? "
ചിരിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു.. "തലക്കെട്ടു മാത്രമല്ല... ഉള്ളിലുള്ളത് ചികഞ്ഞു വായിക്കാനും പഠിച്ചു സർ"...എന്റെ സുഹുത്തുക്കൾ അതെന്നെ പഠിപ്പിച്ചു എന്ന് വേണം പറയാൻ...ഒടുവിൽ എനിക്ക് ഹസ്തദാനം നൽകി അദ്ദേഹം പറഞ്ഞു "നമ്മൾ ഉടൻ കാണും.. ഗുഡ് ലക്ക്". ജോലി കിട്ടിയതായി ഞാൻ ഉറപ്പിച്ചു...

മനോരമയിലെ ഓഫീസിൽ നിന്നും ജോലിയിൽ എന്ന് പ്രവേശിക്കണം എന്ന ഫോൺ സന്ദേശം ഇന്ന്  വരും നാളെ വരും എന്ന് കരുതി ക്ഷമ നശിച്ചു. ഒടുവിൽ രണ്ടാഴ്ച  കഴിഞ്ഞപ്പോൾ അങ്ങോട്ടു വിളിച്ചു ചോദിച്ചു....അപ്പോൾ കിട്ടിയ മറുപടി കണ്ണു നിറച്ചു..."ഒരാളെ തിരഞ്ഞെടുത്തു...പുള്ളി അടുത്ത ദിവസം തന്നെ ജോയിൻ ചെയ്തു...."😳😳

ഒരുപാട് കരഞ്ഞു അന്ന് ...😭 കരഞ്ഞില്ലേൽ ഡിപ്രെഷൻ കൊണ്ട് വേറെ വല്ല അസുഖവും വരും...വിഷമം സഹിക്കാൻ വയ്യാതെ  സുഹൃത്തു സോണിയെ വിളിച്ചു...അവൻ എപ്പോളും ഒരു കാര്യം പറയും.."എല്ലാം നല്ലതിന്". ചില സമയം ദേഷ്യം വരുമെങ്കിലും ആ വാക്കുകൾക്ക് ഒരുപാട് അർത്ഥമുണ്ടെന്ന് മനസിലാക്കിയ നിമിഷങ്ങൾ...എന്നിട്ടു അവൻ ബൈക്ക് എടുത്ത് നേരേ വീട്ടിൽ വന്നു  പറയും "വാ കേറൂ, നമ്മുക്ക് നേരേ മാതൃഭൂമിയിൽ പോകാം"...🛵അവിടന്ന്  അഷ്കറിനെയും, മനോജിനെയും, ബവിജേഷിനെയും വിളിച്ചു കൊണ്ട് നേരേ ഹോട്ടലിൽ പോകും..

വിഷമങ്ങൾ പറയുമ്പോൾ ബവിജേഷ്‌ കോഴിക്കോടൻ ശൈലിയിൽ  പറയും "മുത്തേ .. അനക്ക് ബീഫ് വേണാ... പൊറോട്ട...? ചങ്ങായി ഒരൊ ഒരട്ടീം കൂടി തിന്ന്.. , ഒരു കുലുക്ക് സർബത്ത് കൂടി കേറ്റിയാൽ ഉഷാർ "...അങ്ങനെ വെട്ടിവിഴുങ്ങും...., കുടിക്കും(സർബത്ത്), വയറ് പെരുത്താൽ വല്ലാത്തൊരു ആശ്വാസം..!☺️☺️  

വിഷമം/ഡിപ്രെഷൻ ഇടക്കൊക്കെ ഉള്ളത് കൊണ്ട് ഒരുപാട് ആഹാരം കഴിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു..."Eating too much and not eating enough can be signs of depression". പബ്ലിക് ലൈബ്രറിയിലെ റഫറൻസ് സെക്ഷനിൽ ഏതോ ഒരു പുസ്തകത്തിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്...🤭

കാലം ഒരുപാട് കഴിഞ്ഞു പോയി...മൂന്നര വർഷം ശാസ്ത്ര ഭവനിൽ ജോലി ചെയ്തു.. മാധ്യമരംഗ സ്വപ്നം ഒക്കെ പതുക്കെ മറന്നു തുടങ്ങി എങ്കിലും പത്രവായന തുടർന്നു... വലിയ ആവേശമൊന്നുമില്ലാതെ ഒരു ദിവസം അഷ്‌കർ വിളിച്ചു..."ഡാ തെറി പറയരുത്...ഏഷ്യാനെറ്റ് ന്യൂസിൽ ലൈബ്രേറിയൻ പോസ്റ്റ്‌ വിളിച്ചേക്കുന്നു..നീ കൊടുക്കുന്നോ...? "😐 
"നീ ഒന്ന് പോയേ....അതും ഏഷ്യാനെറ്റ് ന്യൂസ്‌... എനിക്ക് താല്പര്യം ഇല്ല" എന്ന് മുഖത്തടിച്ച പോലെ ഞാൻ പറഞ്ഞു...🙄ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി മനസില്ലാമനസോടെ ഇന്റർവ്യൂനു പോയി...

നേരേ ഏഷ്യാനെറ്റ് ന്യൂസിലേക്ക്....അവിടെ ചെന്നപ്പോൾ ആദ്യം എഴുത്ത്‌ പരീക്ഷ ഉണ്ടത്രേ...ഒരു ടെൻഷനും ഇല്ലാതെ പരീക്ഷ എഴുതി....20 ചോദ്യങ്ങൾ...അതിൽ  19 ശരിയുത്തരം...ഇന്റർവ്യൂ തുടങ്ങി...പഴയ ആ ഫ്ലോ ഇല്ലെങ്കിലും ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞു...എല്ലാവരും പറഞ്ഞ പോലെ തന്നെ "ശരി ഞങ്ങൾ അറിയിക്കാം" എന്ന പതിവ് തെറ്റാതെയുള്ള ഇന്റർവ്യൂ ബോർഡ്‌ അംഗങ്ങളുടെ മറുപടിയും കേട്ട് ഞാൻ അവിടന്ന് ഇറങ്ങി...🚶‍♂️

ഒരു മാസത്തിനു ശേഷം ഒരു ഫോൺ കാൾ...."ഏഷ്യാനെറ്റ് ന്യൂസിൽ നിന്നുമാണ്....താങ്കളെ  സെലക്ട്‌ ചെയ്തിരിക്കുന്നു....ജോലിയിൽ പ്രവേശിക്കാൻ താല്പര്യം ഉണ്ടോ...? " കണ്ണു നിറഞ്ഞ നിമിഷങ്ങൾ...🥺🥺 ഞാൻ ആഗ്രഹിച്ച..സ്വപ്നം കണ്ട ജോലി..അതും റേറ്റിംഗിൽ കേരളത്തിലെ ഒന്നാം നമ്പർ വാർത്ത ചാനൽ...👌👌

ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല..കഷ്ടിച്ച് ഒരു  മാസമേ എനിക്ക് അവിടെ ജോലി ചെയ്യാൻ സാധിച്ചുള്ളൂ...അടുത്ത മാസം തന്നെ സുപ്രീം കോർട്ടിൽ ജോലിക്കു പ്രവേശിച്ചു...മേൽപറഞ്ഞ എന്റെ സുഹൃത്തുക്കളിൽ  ഒരാളുപോലും ഇപ്പോൾ മാധ്യമ സ്ഥാപനത്തിൽ ഇല്ല എന്നതും.....എല്ലാരും അങ്ങ് സെൻട്രലിൽ (Central Govt Job)ആണെന്നതും മറ്റൊരു അഭിമാനം..💪💪
 
പറഞ്ഞു വന്നത് ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടെങ്കിൽ അത് വിടാതെ പിന്തുടരുക...ഇടക്ക് വച്ചു നമ്മൾ വിട്ടാലും ദൈവം അത് കൊണ്ട് വന്നു കയ്യിൽ വച്ചു തരും....എന്നിട്ട് നമ്മുടെ സോണി പറയുന്ന പോലെ പറയും "എല്ലാം നല്ലതിന്".😇😇😇

സന്ദേശം:
1. നിങ്ങൾക്ക് ഒരു സ്വപ്നം/ലക്ഷ്യം മനസ്സിൽ  ഉണ്ടെങ്കിൽ അത് നടന്നിരിക്കും...പരിശ്രമിക്കുക...💪💪
(“All our dreams can come true, if we have the courage to pursue them...if you can dream it..you can do it...WaltDisney)

2.തട്ടത്തിൻ മറയത്ത് സിനിമയിൽ പറഞ്ഞ പോലെ  "ഈ പടച്ചോൻ ഭയങ്കര സംഭവം തന്നെയാട്ടോ.. ചില ആഗ്രഹങ്ങളൊക്കെ നമ്മൾ മറന്നാലും പുള്ളി മറക്കില്ല..."😇😇

Tuesday, 14 April 2020

ഉപ്പ്മാവ് സൈക്കോ.. 🤪🤪🤪

ഉപ്പ്മാവ് സൈക്കോ
==================

ഉപ്പ്മാവ് സ്പെഷ്യലിസ്റ് ആണ് പുള്ളി...കടുക്, ഉഴുന്ന്, മുളക്,  ഇഞ്ചി, കറിവേപ്പില,  സവോള,  ഉപ്പ്,  ബീൻസ്, ക്യാരറ്റ്, ബീറ്റ്റൂട്ട്,  ഗ്രീൻപീസ്,  ആപ്പിൾ,  പഴം,  പഞ്ചസാര, ശർക്കര/കരിപ്പെട്ടി,കിസ്മിസ്, ഡേറ്റ്സ്, മുട്ട,  മീൻ,  ചിക്കൻ...എന്തിന്,  കണ്ണു തപ്പിയാൽ  തേയില തൊട്ടു ഉണക്ക മീൻ വരെ....തിരിച്ചു കടിക്കാത്ത എന്തും പുള്ളി ഇട്ടു കളയും...🤪. ഉപ്പ്മാവിനു ജീവൻ ഉണ്ടേൽ എഴുന്നേറ്റ് വന്നു പറയും "എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ??"🥺🥺. ഒരു ഉപ്പ്മാവ് സൈക്കോ... റീജോ എം ലോറൻസ്...🤭. ഡൽഹിയിലെ എന്റെ സഹമുറിയൻ..😇.

ഇക്കാരണങ്ങൾ കൊണ്ട് തന്നെ റവ മേടിക്കുമ്പോൾ ഉള്ളിൽ ഒരു ഭയം ആണ്... "ഡാ ഇന്ന് നമുക്ക് ഉപ്പ്മാവ് ഉണ്ടാക്കിയാലോ" എന്ന് അവൻ ചോദിക്കുമ്പോൾ ഞെഞ്ചിടിപ്പു കൂടും...🤭. നാളെയും ഉപ്പ്മാവാണ്... കണ്ടറിയാം എന്ത് സംഭവിക്കുമെന്ന്...🤭

Monday, 13 April 2020

അടുക്കളഭരണം... 🚶🚶‍♂️🏃🏃‍♂️

അടുക്കളഭരണം 
===============
"അരുണേട്ടാ, അരി തീർന്നു കേട്ടോ.. വൈകിട്ടു വരുമ്പോൾ മേടിക്കണേ... 🥰🥰

കഴിഞ്ഞ ആഴ്ച അല്ലേ അരി മേടിച്ചത്.. !!!
നീ എല്ലാം കൂടി ഒരുമിച്ച് ഇട്ടോ?? (ദേഷ്യം). 😡നിന്നെക്കൊണ്ട് പറ്റില്ലേൽ പറ.. ഞാൻ നോക്കിക്കോളാം അടുക്കളയും...ജോലിയും എല്ലാം..!!!🤬😠

മറുപടി ഭാര്യയുടെ മൗനം...🤐രക്ഷപെട്ടു...ഉച്ചത്തിൽ സംസാരിച്ചാൽ അവൾ പിന്നെ മിണ്ടില്ല...😌

മേല്പറഞ്ഞത് ലോക്ക്ഡൗണിനു മുൻപുള്ള അവസ്ഥ...ഭാര്യ ഡൽഹിയിൽ ഒപ്പം ഉണ്ടായിരുന്ന നിമിഷങ്ങൾ...ഇപ്പോ അവൾ നാട്ടിലും...ഞാൻ കോർട്ടിലും..(ജോലി കോടതിയിൽ ആണേ)..👨‍⚖️

ലോക്ക്ഡൗൺ  കാരണം പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കി...സ്വന്തമായി ഉണ്ടാക്കി കഴിക്കാം എന്ന "ദൃഢനിശ്ചയം"....💪21ദിവസത്തേക്കല്ലേ... 3kg അരി ധാരാളം...ഭാര്യക്ക് കാണിച്ചു കൊടുക്കണം അടുക്കള എങ്ങനെ ഭരിക്കണം എന്ന്... 😎

നാലാം ദിവസം അരി തീർന്നു...ഭാര്യയുടെ വാക്കുകൾ വേദനയോടെ ഞാൻ ഓർത്തു പോയി...അവളുടെ മൗനം... കൊറോണയെക്കാൾ ഭയാനകം ആണെന്ന് മനസിലാക്കിയ നിമിഷങ്ങൾ...😳😱

സത്യത്തിൽ നമുക്കെന്തറിയാം അടുക്കളഭരണത്തെക്കുറിച്ച്....ഭരണം ഒന്ന് ഏറ്റെടുത്തു നോക്കൂ....കിളി പോകും ചങ്ങാതീ.. സോമാറ്റോയും, യൂബർഈറ്റ്സും എന്നും  കാണില്ല കൂടെ....അനുഭവം ഗുരു...🤦‍♂️

മനസ്സിൽ മാപ്പു പറഞ്ഞു കൊണ്ട് ഞാൻ അവളോട് ചോദിച്ചു.....നന്ദിനിക്കുട്ടീ....😍..ഇനി 13ദിവസം...ഏകദേശം എത്ര കിലോ അരി വേണ്ടി വരും?? 😊
മറുപടി..."നിങ്ങടെ വയറല്ലേ...നല്ല ഉച്ചത്തിൽ വയറിനോട് തന്നെ പോയി ചോദിക്ക്...അല്ലാ പിന്നെ..."😡

ഞാൻ: മൗനം...😐😐...അപ്പോളും ബാക്കി വന്ന അരി അടുപ്പിൽ എന്നെ നോക്കി പുച്ഛത്തോടെ തിളച്ചു മറിയുകയായിരുന്നു...🥣

സന്ദേശം :: "ചെറിയ പാളിച്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വരും...വലിയ വില" (കടമെടുത്ത വാക്കുകൾ)🙏🙏🙏

അമ്മയുടെ തമാശകൾ... 😊😊

അമ്മയുടെ തമാശകൾ..😊😊
===========================
കുട്ടിക്കാലത്ത് കഥകൾ എഴുതാൻ വലിയ ആഗ്രഹമായിരുന്നു.....അപ്പൊ അമ്മ പറഞ്ഞു  ഒരുപാട് വായിച്ചാൽ മാത്രമേ കഥകളൊക്ക എഴുതാൻ കഴിയൂ... 🤗അങ്ങനെ ബാലരമയും കളിക്കുടുക്കയും ഒക്കെ മാറി മാറി വായിക്കും...📚

 എന്നിട്ടു ഒരു പേപ്പറും പെൻസിലും എടുത്ത് അമ്മയുടെ കൂടെ അടുക്കളയിൽ ചെന്നു സിപ്പി പള്ളിപ്പുറത്തിനെ മനസ്സിൽ ധ്യാനിച്ച് ഇരുന്നു എഴുതും..✏️📋. "മാലു എന്നൊരു മുയൽ ഉണ്ടായിരുന്നു.. അവൻ അഹങ്കാരിയായിരുന്നു... ഒരു ദിവസം..." 🤭അങ്ങനെ വായിച്ച കഥ തന്നെ എഴുതി വയ്ക്കും... എന്നിട്ട് അമ്മയെ കാണിക്കും...അപ്പോൾ അമ്മയുടെ മുഖത്തെ ആ പുഞ്ചിരി ഉണ്ടല്ലോ....☺️☺️അത് കാണുമ്പോ ഞാൻ ലോകം കീഴടക്കിയ പോലെ ഒരു സുഖം...✊️✊️ഞാൻ ഒരു എഴുത്തുകാരൻ ആയി എന്ന അഭിമാനം മനസ്സിൽ...✍️പുഞ്ചിരി കഴിഞ്ഞു അമ്മ പറയും... ഇന്ന് ഇത്രേം മതി...ഇനി അടുത്ത ലക്കം ബാലരമ വരുമ്പോ കഥ എഴുതാം...എന്നിട്ടു ഒരു പൊട്ടിച്ചിരിയും...🤣🤣

ഇപ്പോൾ ഈ എഴുതിക്കൂട്ടുന്നത് അമ്മക്ക് അറിയില്ല...അമ്മ ഫേസ്ബുക്കിൽ ഇല്ലാലോ....😜 അമ്മ കണ്ടാൽ ഉറപ്പായും ചോദിക്കും..."നീ വീണ്ടും ബാലരമ വരുത്തി തുടങ്ങി അല്ലേടാ..."😛😛.

നിമിത്തം... 🙏

നിമിത്തം... 🙏
============
കോളേജിൽ പഠിക്കുന്ന സമയത്ത് ക്ഷണിക്കാത്ത വിവാഹങ്ങളിൽ പോയി സദ്യ കഴിക്കാത്തവർ വിരളം ആയിരിക്കും........
സ്ഥിരം കലാപരിപാടി അല്ലെങ്കിലും ഞാനും ഇടക്കൊക്കെ കൂട്ടുകാരോടൊപ്പം പോയിരുന്നു... 🙈. അതൊക്കെ ഒരു കാലം..☺️☺️

ഒരു ക്ഷണിക്കാത്ത വിവാഹത്തിനു പങ്കെടുത്ത കാര്യം പറയാം....അടുത്തടുത്ത് രണ്ടു കല്യാണമണ്ഡപങ്ങൾ....രണ്ടിലും കല്യാണം ഉണ്ട്...തിരക്ക് കുറഞ്ഞ മണ്ഡപത്തിൽ കേറാൻ ഞങ്ങൾ തീരുമാനിച്ചു...ഞങ്ങൾ എന്ന് പറഞ്ഞാൽ മൂന്ന് പേർ....അവരുട പേര് വെളിപ്പെടുത്തുന്നില്ല...🙈.

താലികെട്ടൊക്കെ കഴിഞ്ഞു അവസാനപന്തിയിൽ ബന്ധുക്കളുടെ കൂടെയാണ് ഞങ്ങൾ ഇരുന്നത്.... ഏകദേശം 25-30 പേർ മാത്രമേ അപ്പൊ ഹാളിൽ ഉള്ളൂ...വാഴയില തീർന്നു പോയത് കൊണ്ട് ഇനി ആരേം വിളിക്കണ്ട എന്ന് ആരോ പറയുന്നതും കേട്ടു...ഇതിനിടക്ക് 3 ബന്ധുക്കൾ അവർക്ക് സീറ്റ്‌ കിട്ടാതെ പെണ്ണിന്റെ അച്ഛനോട് കയർത്തു സംസാരിച്ചു....അവർ ഇറങ്ങിപോകുകയും ചെയ്തു...അത് കണ്ടപ്പോൾ ചെറിയ വിഷമം തോന്നി...ഞങ്ങൾ കാരണം ആണല്ലോ അത് സംഭവിച്ചത്....🤦‍♂️

ചെക്കന്റേം പെണ്ണിന്റേം നേരേ എതിർവശത്താണ് ഞങ്ങൾ ഇരുന്നത്...അവർ രണ്ടു പേരും ഞങ്ങളെ മാറി മാറി നോക്കുന്നുണ്ടായിരുന്നു....പിടിക്കപ്പെടും എന്ന് മനസ്സിൽ തോന്നിയെങ്കിലും യാതൊരു കൂസലുമില്ലാതെ ഞങ്ങൾ ഇരുന്നു....🥴

സദ്യയും കഴിച്ചു എത്രയും വേഗം അവിടന്ന് രക്ഷപ്പെടണം എന്നാണ് മനസിലെ ചിന്ത...
പെട്ടെന്നാണ്  ചെറുക്കന് വേണ്ടപ്പെട്ട അഞ്ചു പേർ ഓടി വന്നത്....വധു വരൻമാരെ സ്വീകരിക്കുന്നതിന് വിളക്കൊരുക്കാൻ ചെക്കന്റെ അമ്മ നേരത്തെ വീട്ടിൽ പോയിരുന്നു...പോയ വഴിക്ക് അപകടം പറ്റി...😳ഇപ്പോൾ ആശുപത്രിയിൽ ആണ്...! 

ഒരു പിടി ചോറ് പോലും കഴിക്കാതെ ഞങ്ങൾ ഇല മടക്കി...ഞങ്ങൾ മാത്രമല്ല എല്ലാവരും ആ വാർത്ത കേട്ടു ഞെട്ടി എഴുന്നേറ്റു.... അപകടത്തിൽ ചോര ഒരുപാട് പോയ ആ അമ്മക്ക് അടിയന്തിരമായി രക്തം വേണമായിരുന്നു...അതും O നെഗറ്റീവ്  ഗ്രൂപ്പ്‌...ഈ പറഞ്ഞ ബന്ധുക്കൾ അവിടേം ഇവിടേം വിളിച്ചു പറയുന്നതല്ലാതെ കാര്യമായി ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല... എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ചെക്കന്റെ അച്ഛന്റെ അവസ്ഥ കണ്ടപ്പോൾ കഷ്ടം തോന്നി....☹️☹️

പിന്നെ ഒന്നും ആലോചിച്ചില്ല...നേരേ ചെക്കന്റെ അച്ഛന്റെ അടുത്തേക്ക് പോയി...ഞങ്ങൾ രക്തം നൽകാം എന്ന് പറഞ്ഞു...ആ തിരക്കിനിടയിൽ ഞങ്ങൾ ആരാണെന്നോ എവ്ടെന്നാണെന്നോ അദ്ദേഹം ചോദിച്ചില്ല...നേരേ ഞങ്ങൾ ആശുപത്രിയിലേക്ക് പോയി....ഞങ്ങൾ രണ്ടു പേർ രക്തം നൽകി...അതും ആ അമ്മയുടെ അതെ ഗ്രൂപ്പ്‌ O നെഗറ്റീവ്... ICU യിൽ ആയത് കൊണ്ട് അമ്മയെ കാണാൻ കഴിഞ്ഞില്ല.. എങ്കിലും അപകടനില തരണം ചെയ്തിരുന്നു... ആശ്വാസം...☺️☺️

കണ്ണു നിറഞ്ഞു കൊണ്ട് ചെക്കന്റെ അച്ഛൻ ഞങ്ങളോട് നന്ദി പറഞ്ഞു...എന്നിട്ടു ചോദിച്ചു "നിങ്ങൾ പെൺവീട്ടുകാരുടെ ബന്ധുക്കൾ ആണല്ലേ...". ആ സമയത്ത് കള്ളം പറയാൻ തോന്നിയില്ല.... "അങ്കിളേ...ഞങ്ങൾ കോളേജിൽ പഠിക്കുന്നവരാണ്.... ഇടക്കൊക്കെ ക്ഷണിക്കാത്ത വിവാഹങ്ങളിൽ പോയി ആഹാരം കഴിക്കും...പക്ഷേ ഇത്തവണ വന്നത് ഒരു നിമിത്തമാണ്...." എന്തു പറയണമെന്നറിയാതെ തൊഴുകൈകളോടെ അദ്ദേഹം ഞങ്ങളുടെ മുൻപിൽ നിന്നു കരഞ്ഞു...നിങ്ങൾ ഒന്നും കഴിച്ചില്ലല്ലോ എന്ന് പറഞ്ഞ് 1500രൂപ എന്റെ കയ്യിൽ വച്ചു തന്നു..."സദ്യ അല്ലാ നിങ്ങൾ ഇന്ന് മട്ടൺ  ബിരിയാണി കഴിക്കണം" എന്നദ്ദേഹം കണ്ണു നിറഞ്ഞു കൊണ്ട് പറഞ്ഞു ...തിരിച്ചു കൊടുത്തെങ്കിലും അദ്ദേഹം വീണ്ടും അത് പോക്കറ്റിൽ വച്ചു തന്നു...അത് ഞങ്ങൾ അത് പോലെ വീണ്ടും തിരിച്ചു കൊടുത്തു...🙂🙂

ഞങ്ങൾക്ക് വേണമെങ്കിൽ അടുത്ത മണ്ഡപത്തിൽ കയറാമായിരുന്നു...ദൈവം എന്നൊരു സംഗതി മുകളിൽ നിന്നു എല്ലാം കാണുന്നുണ്ടെന്ന് അന്ന് തിരിച്ചറിഞ്ഞു.... അങ്ങനെ സദ്യ കഴിക്കാൻ പോയ ഞങ്ങൾ രക്തം നൽകി ഒരു ജീവൻ രക്ഷിച്ച അഭിമാനത്തിൽ കൈയിൽ ഉണ്ടായിരുന്ന തുച്ഛമായ കാശ് പങ്കിട്ടു തൊട്ടടുത്ത ഹോട്ടലിൽ കയറി ഊണും കഴിച്ചു വീട്ടിൽ പോയി...😇😇

നാല് വർഷങ്ങൾക്ക് ശേഷം ഞാൻ അദ്ദേഹത്തെ യാദൃച്ഛികമായി കണ്ടുമുട്ടി...ഞങ്ങൾ സംസാരിച്ചു...എന്നെ ചൂണ്ടികാണിച്ചു അദ്ദേഹം ഭാര്യയോട് പറഞ്ഞു.."അന്ന് രക്‌തം നൽകിയ പയ്യനാണ് ഇത്..".പെട്ടന്ന് അവരുടെ കണ്ണിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും... എന്നോടുള്ള നന്ദി സൂചകമായി ഞാൻ കണ്ടു...☺️☺️. 

കുശലാന്വേഷണങ്ങൾക്കിടയിൽ ചിരിച്ചു കൊണ്ട് അദ്ദേഹം വീണ്ടും എന്നോട് ചോദിച്ചു "ഇപ്പോ കല്യാണങ്ങൾക്കൊക്കെ പോകാറുണ്ടോ...? " പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു...."ഇല്ല...പക്ഷേ രക്തദാനം ചെയ്യാറുണ്ട്..."☺️☺️. 

അവസാനമായി ഞാൻ രക്തദാനം ചെയ്തത് 2019 ഡിസംബറിൽ...നൽകിയത് AIIMS ഡൽഹി...അഭിമാനനിമിഷം...!!

സന്ദേശം: 
1.ക്ഷണിക്കാത്ത വിവാഹങ്ങൾക്ക് പോയി അടി മേടിച്ചു പിടിക്കരുത്...പണ്ടത്തെ പോലെ അല്ലാ..😜😜
2.രക്തദാനം മഹാദാനം...🙏🙏

നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്...🤷‍♂️

നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്‌🤷‍♂️
================================ 
2016 ഒക്ടോബറിൽ സുപ്രീംകോടതിയിൽ ജോയിൻ ചെയ്തപ്പോൾ താമസിച്ചത് ദിൽഷാദ് ഗാർഡൻ എന്ന സ്ഥലത്താണ്...ഈസ്റ്റ് ഡൽഹി...ഇപ്പോ മാധ്യമങ്ങളിൽ ചർച്ച ആയ ആനന്ദ് വിഹാറിൽ നിന്നും ഏകദേശം 6km ദൂരം വരും...ഇപ്പോഴും ദിൽഷാദ് ഗാർഡനിൽ തന്നെയാണ് താമസം... തുടക്കത്തിൽ യാത്രകൾ മെട്രോയിൽ ആയിരുന്നു...🚇ആനന്ദ് വിഹാർ മെട്രോ സ്റ്റേഷൻ ഇറങ്ങി അവിടന്ന് ഷെയർ ഓട്ടോ പിടിച്ചു ഡ്രൈവർ സീറ്റിന്റെ സൈഡിൽ ഇരുന്നു വരുമ്പോൾ ഞാൻ ഓർക്കുമായിരുന്നു സ്വന്തം നാടിൻറെ വില...😭

ആദ്യമായി പുറംനാട്ടിൽ ജോലിക്കു വന്നതിന്റെ എല്ലാ ഗുണങ്ങളും എനിക്കുള്ളത് കൊണ്ട് മനസികസമ്മർദ്ദത്തിന് നല്ല സാധ്യത ഉണ്ടായിരുന്നു...🙇‍♂️ആ സമയത്താണ് സാജ്വാൻ എന്ന വ്യക്തിയെ പരിചയപ്പെടുന്നത്..😇എന്നെക്കാളും 3 വർഷം മുൻപ് ജോയിൻ ചെയ്ത പുള്ളി വളരെ കൂൾ ആയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്...ഒരു ടെൻഷനും സ്‌ട്രെസും ഇല്ല...പോസിറ്റീവ് കാര്യങ്ങൾ മാത്രം സംസാരിക്കും...എനിക്ക് നല്ലൊരു സപ്പോർട്ട് ആയിരുന്നു അദ്ദേഹം...ഡൽഹിയിലെയും  യു.പിയിലെയും  ഹിന്ദിക്കാരോട് കിടപിടിച്ചു നിക്കാൻ എന്നെ പഠിപ്പിച്ച ഉത്തരാഖണ്ഡ്കാരൻ ...🤼‍♂️. 

ഒരിക്കൽ എന്നോട് അദ്ദേഹം ചോദിച്ചു...നമ്മൾ ഒരേ സ്ഥലത്തല്ലേ താമസം...നീ എന്റെ കൂടെ ബൈക്കിൽ വാ...രക്തത്തിൽ ഉത്തര-ദക്ഷിണ ബന്ധത്തിനോട് വലിയ താല്പര്യം ഇല്ലായിരുന്നു..എങ്കിലും മറുത്തു പറയാൻ തോന്നീല...കൂടെ പോയി തുടങ്ങി...ഒരു പഴയ ബൈക്ക്...അതിൽ ഞാൻ കൂടെ പുറകെ ഇരിക്കുമ്പോൾ പുള്ളിക്ക് അത് ഓടിക്കാൻ ബുദ്ധിമുട്ടായി....ഞാൻ മെട്രോയിൽ തന്നെ പോകാം എന്ന് പറഞ്ഞു...അത് അദ്ദേഹത്തിന് വിഷമം ആയോ അതോ അഭിമാനക്ഷതം ആണോ എന്നറിയില്ല അടുത്ത ദിവസം പുതിയ ബൈക്കിൽ വന്നു എന്റെ മുന്നിൽ നിന്നു...എന്നിട്ടു ബൈക്കിന്റെ ചാവി തന്നിട്ടു പറഞ്ഞു "എനിക്കല്ലേ ഓടിക്കാൻ ബുദ്ധിമുട്ട്..നീ ഓടിക്ക്..ഞാൻ പുറകിൽ ഇരിക്കാം". എന്തൊരു മനുഷ്യൻ ആണോ എന്തോ..🤦‍♂️ 

അങ്ങനെ ഞാൻ ഓടിക്കാൻ തുടങ്ങി...ഒരു ദിവസം വൈകിട്ടു എന്നോട് പറഞ്ഞു..."എന്നെ നീ ഇന്ന് വീട്ടിൽ കൊണ്ടാകണം...എനിക്ക് നടക്കാൻ ഒരു ബുദ്ധിമുട്ട് പോലെ." പറഞ്ഞത് പോലെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു..രണ്ടാമത്തെ നിലയിലാണ് അദ്ദേഹത്തിന്റ വീട്...ബൈക്ക് താഴെ എത്തിയപ്പോൾ തന്നെ പുള്ളിക്കാരന്റെ മകളും ഭാര്യയും ബാൽക്കണിയിൽ നിന്നു താഴേക്ക് നോക്കി...പെട്ടന്ന് പുള്ളിക്കാരൻ ബൈക്കിൽ നിന്നും ഇറങ്ങിയതും വീഴുന്നതും ഒരുമിച്ചായിരുന്നു...എന്ത് സംഭവിച്ചു എന്ന് എനിക്കും ആദ്യം മനസിലായില്ല...അദ്ദേഹത്തിന്റെ കാൽ തറയിൽ കുത്തി നിക്കാൻ പറ്റുന്നില്ലാർന്നു...അസഹനീയമായ വേദന... മനഃസാന്നിധ്യം വീണ്ടു കിട്ടിയതോടെ ഞാൻ ഓടിച്ചെന്ന് അദ്ദേഹത്തെ കോരിയെടുത്തു..രണ്ടു നിലയും നടന്നു കയറി..അദ്ദേഹത്തെ വീട്ടിൽ കൊണ്ട് കിടത്തി... പുള്ളിയുടെ രണ്ടു കിഡ്‌നിയും തകരാറിൽ ആണെന്ന് അപ്പോളാണ് ഞാൻ അറിയുന്നത്...ഡയാലിസിസ് ചെയ്യുന്നില്ല...ആരു പറഞ്ഞിട്ടും കേൾക്കുന്നില്ല...കണ്ണു നിറഞ്ഞു കൊണ്ട് ഞാൻ അദ്ദേഹത്തോട് ചോദിച്ചു "നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്??? (തും കൈസേ ആദ്മി ഹോ യാർ??"🤷‍♂️....വെറും ചിരിയാണ് മറുപടി...😌മൗനം മാത്രം...😐

"ഞാൻ രണ്ടു ദിവസത്തേക്ക് വരുന്നില്ലെടാ..നീ എന്റെ ബൈക്ക് കൊണ്ട് പൊയ്ക്കോ" എന്ന് അദ്ദേഹം  പറഞ്ഞു...സ്വന്തം വാഹനം അല്ലാത്തത് കൊണ്ട് ഞാൻ മെട്രോയിൽ തന്നെ ഓഫീസിൽ പോയി...അടുത്ത ദിവസം പുള്ളി മാക്സ് ആശുപത്രിയിൽ കോമയിൽ  ആണെന്ന വിവരം അറിഞ്ഞു...അങ്ങോട്ടു പോയി അദ്ദേഹത്തെ കാണാനുള്ള ശക്തി ഉണ്ടായിരുന്നില്ല....എങ്കിലും പോയി കണ്ടു...വീട്ടുകാരെയും കണ്ടു...രക്ഷപ്പെടില്ല എന്ന് എല്ലാരും പറയുന്നു...ബോധമില്ലെങ്കിലും ഡയാലിസിസ് തുടങ്ങിയിരുന്നു....ഒടുവിൽ ഒരാഴ്ച കഴിഞ്ഞപ്പോൾ ബോധം വീണു...ഞാൻ ചെന്ന് കണ്ടു...കണ്ടപാടെ ദേഷ്യത്തോടെ ചോദിച്ച ചോദ്യം "ആ  വണ്ടി നിന്നെക്കരുതി മേടിച്ചതല്ലേ..നിനക്കത് കൊണ്ട് പോയാലെന്താ". വീണ്ടും മനസ്സിൽ അതേ ചോദ്യം ഇയാൾ എന്തൊരു മനുഷ്യൻ ആണ്??? !!! 

ദിവസങ്ങൾ കഴിഞ്ഞു...ആഴ്ചയിൽ രണ്ടു ഡയാലിസിസ് വേണ്ടി വന്നു...എന്നിട്ടും അദ്ദേഹം തളർന്നില്ല...അതേ ഊർജം..അതേ സംസാരം...ബൈക്ക് ഓടിക്കാൻ ബുദ്ധിമുട്ടാണ്...ഞാൻ തന്നെ കൊണ്ട് വിടും വീട്ടിൽ..രാവിലെ ഞാൻ വീട്ടിൽ പോയി ഓഫീസിൽ കൊണ്ട് വരും...അപ്പോളും ഡയാലിസിസ് എന്ന വാക്ക് പോലും അദ്ദേഹം പറയില്ല...പഴയ പോലെ പോസിറ്റീവ് കാര്യങ്ങൾ മാത്രം സംസാരിക്കും...ഒരു ദിവസം എന്നോട് പറഞ്ഞു..."ഡാ എനിക്ക് ഇനി ബൈക്കിൽ എന്നും വരാൻ പറ്റില്ല..ഞാൻ ലോൺ എടുത്ത് ഒരു കാർ മേടിക്കട്ടെ...നീ ഓടിക്കുമല്ലോ...ഞാനും അത്യാവശ്യം ഓടിക്കും..ലൈസൻസും ഉണ്ട്" അതിനു മറുപടി ആയി ഞാൻ പറഞ്ഞു "വയ്യാത്ത ഇടത് കാലും കൊണ്ട് നിങ്ങൾ എങ്ങനെ കാർ ഓടിക്കും???" ഉടൻ മറുപടി വന്നു..നമുക്ക് ഓട്ടോമാറ്റിക് കാർ എടുക്കാമെടാ...നേരേ ഷോറൂമിൽ പോകാം...അന്ന് തന്നെ പോയി...വണ്ടി നോക്കി..ബുക്ക് ചെയ്തു... അടുത്ത ആഴ്ച വണ്ടി റെഡി...ഡൽഹിയിൽ എല്ലാം വളരെ പെട്ടെന്ന് കാര്യങ്ങൾ നടക്കും...ചാവി ഷോറൂമിൽ നിന്നും മേടിച്ചു എന്റെ കയ്യിൽ തന്നിട്ട് എന്നോട് പറഞ്ഞു..."എടുക്കെടാ വണ്ടി"...ഞാൻ പറഞ്ഞു ഞാൻ ഓട്ടോമാറ്റിക് കാർ ഇന്നേവരെ ഓടിച്ചിട്ടില്ല... എനിക്ക് പറ്റില്ല...അപ്പോൾ മറുപടി...ഇങ്ങനൊക്കെയല്ലേ പഠിക്കേണ്ടത്‌....എടുക്കെടാ....😄. അങ്ങനെ കാറും കൊണ്ട് ഓഫീസിൽ പോയിത്തുടങ്ങി....കാറിൽ പോകുമ്പോൾ... ആനന്ദ് വിഹാർ  എത്തുമ്പോൾ...അദ്ദേഹം എന്നോട് ചോദിക്കും..."ഓർമ്മയുണ്ടോ നീ ഓട്ടോയിൽ ഡ്രൈവറിന്റെ കൂടെ ഇരുന്നു പോയ ദിവസങ്ങൾ...ജീവിതമാണെടോ...ജീവിച്ചു കാണിക്കണം കേട്ടോ...എന്ന് പറഞ്ഞു അദ്ദേഹം ചാരുകസേരയിൽ ഇരിക്കുന്ന പോലെ നീണ്ടു നിവർന്നു ഇരിക്കും...അപ്പോളും അതേ ചോദ്യം...ആവർത്തിക്കുന്നില്ല...🤷‍♂️ 

ഇതെല്ലാം ഈ  3 വർഷത്തിൽ സംഭവിച്ചതാണ്....ഇപ്പോൾ അദ്ദേഹം തന്നെയാണ് വണ്ടി ഓടിക്കുന്നത്....ഡയാലിസിസ് ചെയ്തു ഒറ്റക്ക് വാഹനം ഓടിച്ചു പോകും...കണ്ടാൽ ആഴ്ചയിൽ രണ്ടു ഡയാലിസിസ് ആണെന്ന് പറയില്ല...ഇത്രയും ആത്മവിശ്വാസം ഉള്ള മനുഷ്യനെ ഞാൻ കണ്ടിട്ടില്ല....പെട്രോളിന്റെ കാശു പകുതി കൊടുത്തു ഒരു ദിവസം....അന്ന് ഒരുപാട് ദേഷ്യപ്പെട്ടു...മേലാൽ ആവർത്തിക്കരുത് എന്ന് പറഞ്ഞു...അഭിമാനക്ഷതം ആവശ്യത്തിലേറെ മനസ്സിൽ ഉള്ളത് കൊണ്ട് ഒരു ദിവസം ഞാൻ ഗൂഗിൾ പേ വഴി അദ്ദേഹത്തിന്റെ അക്കൗണ്ടിൽ  1000രൂപ ഇട്ടു...ഉടനെ തന്നെ എനിക്ക് ഒരു ഫോൺ കാൾ വന്നു...."ഡാ ഞാൻ ഡയാലിസിസ് ചെയ്യാൻ ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങുന്നു...നീ കാശ് ഇട്ടു അല്ലെ...ഹോസ്പിറ്റൽ വരാന്തയിൽ ഒരു അമ്മ ഇരിക്കുന്നത് കാണാം എപ്പോളും...ഞാൻ അവർക്ക് 50rs കൊടുക്കാറുണ്ട്...ഇന്ന് 1000കൊടുക്കാം...എന്നിട്ടു പറയാം.... എനിക്കൊരു മദ്രാസി സഹോദരൻ ഉണ്ട്..അവൻ നിങ്ങൾക്ക് തരാൻ ഏല്പിച്ചതാണെന്ന്...." മദ്രാസി വിളി ഇഷ്ടമായില്ല എന്ന ഗൗരവത്തോടെ ഞാൻ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു "നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്"?? !! കള്ള ബംഗാളി...!!😡
മറുപടി അട്ടഹസിച്ചു കൊണ്ടൊരു ചിരി...🤣

പൂക്കാത്ത നന്ത്യാർവട്ടവും, പൂത്തുലഞ്ഞ ചെമ്പരത്തിയും!!!

പൂക്കാത്ത നന്ത്യാർവട്ടവും, പൂത്തുലഞ്ഞ ചെമ്പരത്തിയും!!! 🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌱 ജ്യോതിഷം ആണ് ഇന്നത്തെ വിഷയം....ഭാവി അറിയാൻ താല്പര്യം ഉ...