Friday, 1 May 2020

പൂക്കാത്ത നന്ത്യാർവട്ടവും, പൂത്തുലഞ്ഞ ചെമ്പരത്തിയും!!!

പൂക്കാത്ത നന്ത്യാർവട്ടവും, പൂത്തുലഞ്ഞ ചെമ്പരത്തിയും!!!
🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌱

ജ്യോതിഷം ആണ് ഇന്നത്തെ വിഷയം....ഭാവി അറിയാൻ താല്പര്യം ഉള്ളവർ ഒരുപാട് കാണും..."ഓ....മൊത്തം കള്ളന്മാരെന്നെ..." എന്ന് ജ്യോത്സ്യന്മാരെ കുറ്റം പറഞ്ഞു ഇറങ്ങിപ്പോകുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്....കാരണം അവർ ഉദ്ദേശിക്കുന്ന കാര്യത്തിനു വിരുദ്ധമായി ജ്യോൽസ്യൻ പറഞ്ഞു കാണും...അപ്പോൾ ആർക്കായാലും ഇഷ്ടക്കേട് തോന്നാം...🤐

എനിക്കും ജ്യോതിഷ്യത്തിൽ വിശ്വാസക്കുറവായിരുന്നു...വിശ്വാസക്കുറവെന്നു പറയാൻ പറ്റില്ല...എന്റെ നക്ഷത്രം "മൂലം" ആണ്..🤦‍♂️അതാണ് കാരണം...ഇതിപ്പോ തന്റേടത്തോടെ...അഭിമാനത്തോടെ പറയാൻ പറ്റുമെങ്കിലും മുൻപൊക്കെ ഒരു ചമ്മൽ ആയിരുന്നു...അമ്പലത്തിൽ പോയാൽ ഒരു അർച്ചന നടത്താൻ വരെ മടി...നാണക്കേട്....😔

കുട്ടിക്കാലത്ത് ചെന്തിട്ട ദേവി ക്ഷേത്രത്തിൽ പോകുമ്പോൾ അമ്മ എന്റെ പേരിൽ അർച്ചന നടത്തും...കൗണ്ടറിൽ പേരും നാളും പറയുമ്പോൾ അമ്മയുടെ പുറകെ സാരിത്തുമ്പും പിടിച്ചു ഒളിച്ചു നിക്കുമായിരുന്നു ഞാൻ...പെൺപിള്ളേർ ഒക്കെ എന്നെ നോക്കി കളിയാക്കി ചിരിക്കും...പൂജ കഴിഞ്ഞു പേര് വിളിച്ചു പ്രസാദം തരുന്ന സമയത്തു പൂജാരിയുടെ ഉച്ചത്തിൽ ഉള്ള വിളിയുണ്ട്..."അരുൺ...മൂലം..". തൊലി ഉരിഞ്ഞു പോകുന്ന അവസ്ഥ...!! 😩

പിന്നീടൊക്കെ ഞാൻ ഒറ്റക്ക് അമ്പലത്തിൽ പോകുമ്പോൾ എല്ലാവർക്കും വേണ്ടി അർച്ചന നടത്താൻ അമ്മ കാശു തരുമെകിലും എന്റെ പേരിൽ ഞാൻ അർച്ചന നടത്താറില്ല...ഞാൻ അപ്പോ ദൈവത്തിനോട് പറയും "മര്യാദക്ക് എന്നെ തൃക്കേട്ടയിലോ പൂരാടത്തിലോ ജനിപ്പിച്ചെങ്കിൽ ഇപ്പോ ഈ 10രൂപ നിങ്ങടെ കയ്യിൽ ഇരുന്നേനെ...😕ഞാൻ ഇത് കൊണ്ട് പോയി ചായയും വടയും കഴിക്കും.. നോക്കിക്കോ". ഇങ്ങനെ ദൈവത്തോട് പരിഭവം പറഞ്ഞു നേരേ തമ്പാനൂർ ബസ്സ്സ്റ്റാൻഡിൽ  പോയി ചായയും കടിയും കഴിച്ചു വീട്ടിൽ പോകും...🚌🚶‍♂️

കോളേജിലെ NSS ക്യാമ്പിൽ ജോലിക്കിടെ കൈകുത്തി വീണപ്പോ കയ്യിൽ കുഴമ്പിട്ടു തടവിത്തന്ന ശാന്തമ്മച്ചി.. "നിന്റെ കൈയിൽ മൽസ്യരേഖ ഉണ്ടല്ലോടാ...നീ ഉയരങ്ങളിൽ എത്തും...നിന്റെ നക്ഷത്രം ഏതാടാ? " എന്ന് ചോദിച്ചപ്പോൾ  "ഒന്ന് എഴുന്നേറ്റ് പോ അമ്മച്ചി...☺️ എന്ന് നാണത്തോടെ മറുപടി പറഞ്ഞത് ഞാൻ ഇപ്പോളും ഓർക്കുന്നു..."അവന്റെ നാൾ മൂലം... ഇനി നിങ്ങൾ പറ ഏതാ ആ മത്സ്യം... നെത്തോലിയോ...അതോ സ്രാവോ"എന്ന് സുഹൃത്ത് ഹരി കളിയാക്കി അവരോട്  ചോദിച്ചിരുന്നു...🙆‍♂️

അങ്ങനെ പഠനവും കഴിഞ്ഞു ജോലി അന്വേഷിച്ചു അലഞ്ഞു തിരിയുന്ന സമയം...കാണിപ്പയ്യൂരിന്റെ പ്രവചനങ്ങൾ എല്ലാ ഞാറാഴ്ചയും വായിക്കുന്ന പതിവുണ്ടാർന്നു... പക്ഷേ ജോലിയെക്കുറിച്ചൊന്നും പുള്ളി പറയുന്നില്ല....കേരളത്തിൽ പ്രളയം വന്നതോടെ പുള്ളിക്ക് ചെറിയ തോതിൽ ഇടിവുണ്ടായി....അതിനിപ്പോ എന്താ....!!ക്രിക്കറ്റിന്റെ ദൈവം സച്ചിൻ എത്രയോ തവണ പൂജ്യത്തിനു പുറത്തായി....ദൈവത്തിനു പോലും തെറ്റ് പറ്റും.... അപ്പോ കാണിപ്പയൂരൊക്കെ  നിസ്സാരം....🤭

ജോലി സംബന്ധമായ ഭാവി കാര്യങ്ങൾ അറിയാൻ ഞാനും ഒരു ജ്യോത്സ്യനെ കാണാൻ തീരുമാനിച്ചു....പക്ഷേ ഞാൻ പോകില്ല....നാളിന്റെ നാണം മാറിയില്ല...അമ്മയും അച്ഛനും പോയി കണ്ടു...വിവരങ്ങൾ എല്ലാം പറഞ്ഞു...ഒടുവിൽ ജ്യോൽസ്യൻ പറഞ്ഞു...ജോലിയൊക്കെ കിട്ടും..പക്ഷേ അലച്ചിൽ തുടരും....തടസ്സങ്ങൾ ഉണ്ട്....മൂന്ന് ചെടികൾ നടണം...ചെമ്പരത്തി🌺, ശംഖുപുഷ്പം ,  നന്ദ്യാർവട്ടം🌼... പിന്നെ ചില അമ്പലങ്ങളിൽ വഴിപാടുകൾ ചെയ്യണം..അങ്ങനെ പറഞ്ഞപോലെ എല്ലാം ചെയ്തു....നട്ട ചെടികൾ പൂക്കുമ്പോൾ തന്നെ ജോലി ലഭിക്കുമെന്നാണ് പറഞ്ഞത്....അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ശംഖുപുഷ്പം പൂത്തു....ഒരു ചെമ്പരത്തിപ്പൂവും വന്നു....നന്ദ്യാർവട്ടം മാത്രം പൂത്തു തളിർത്തില്ല...🌱

അടുത്ത ആഴ്ച ഡൽഹിയിൽ ജോലിക്ക് പ്രവേശിച്ചു....അലച്ചിലും, ജോലിഭാരവും, സ്‌ട്രെസും എല്ലാം കൂടി ആദ്യത്തെ മൂന്ന് മാസം നരകതുല്യമെന്നു തന്നെ പറയാം...ഒരു ഇടവേള കിട്ടി നാട്ടിലേക്ക് വന്നു...വീട്ടുമുറ്റത്തേക്കു നോക്കിയപ്പോൾ ഞാൻ നട്ട ചെമ്പരത്തി പൂത്തുലഞ്ഞു നിൽക്കുന്നു...🌺🌺🌺. ഒരു ഇല പോലും കാണാൻ വയ്യ...ഒറ്റ ചെമ്പരത്തി പൂവിൽ സുപ്രീം കോർട്ട്  വരെ എത്തിയ ഞാൻ ആ പൂത്തുലഞ്ഞ ചെമ്പരത്തി കണ്ടു ഞെട്ടി...എന്തോ വലുത് വരാനിരിക്കുന്നു....🙊വേഗം ചെന്നു നന്ദ്യാർവട്ടം നോക്കി...ഭാഗ്യം..അത് പൂത്തിട്ടില്ല....ഇനി അതും കൂടി ആയാൽ നാസയിൽ വല്ലോം പോകേണ്ടി വന്നലോ....😁സാരമില്ല നേരിടാം... അതിനുള്ള കരുത്തു ഡൽഹി തന്നു...💪നോർത്ത് ഇന്ത്യൻസ് പറയുന്ന ഒരു പ്രയോഗം ഉണ്ട്..."ദില്ലി കാ പാനി" (ഡൽഹിയിലെ വെള്ളം) ആ വെള്ളം കുടിച്ചവനും അതിൽ കുളിച്ചവനും നാണിക്കേണ്ട കാര്യമില്ല...!! ഏതു സാഹചര്യത്തിലും ജീവിക്കാം...ചുരുക്കത്തിൽ പറഞ്ഞാൽ ഡൽഹിക്കാർ എപ്പോളും ബോൾഡ് ആയിരിക്കും...!!

ആ കരുത്തിൽ നേരേ പോയി ചെന്തിട്ട ദേവി ക്ഷേത്രത്തിൽ...വരിയിൽ നിന്നു...കൗണ്ടറിൽ എത്തി ഉച്ചത്തിൽ തന്നെ പറഞ്ഞു... "അരുൺ...മൂലം നക്ഷത്രം...ഒരു പുഷ്പ്പാർച്ചന...ഒരു അരവണ...പിന്നൊരു പാൽപ്പായസവും....😎. ദൈവത്തിനോട് മാപ്പ്...പറ്റിച്ചു കുറേ ചായയും കടിയും കഴിച്ചതല്ലേ..🙈

അങ്ങനെ മൂന്ന് വർഷം പിന്നിട്ടു...അലച്ചിലിനു ഒരു കുറവും ഇല്ല....🚶നട്ട ചെടികൾ എല്ലാം അത് പോലെ തന്നെ കട്ടക്ക് നില്പുണ്ട്....നന്ദ്യാർവട്ടം പൂത്തതുമില്ല... വീണ്ടും ജ്യോത്സ്യനെ കാണാൻ മോഹം...പക്ഷേ അമ്മയോടും അച്ഛനോടും  പറഞ്ഞില്ല...🤫കളമൊന്നു മാറ്റിപ്പിടിച്ചു... ഭാര്യാകുടുംബത്തിലെ സ്ഥിരം ജ്യോൽസ്യനെ ചെന്നു  കാണാൻ ഭാര്യയെ തന്നെ ചട്ടം കെട്ടി... ഈ അലച്ചിൽ എത്ര കാലം കാണും?? നാട്ടിൽ എന്ന് വരാൻ കഴിയും?? തുടങ്ങിയ വളരെ സങ്കുചിമായ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ തീരൂ...ഒടുവിൽ ഡിസംബർ 2019ൽ ജ്യോൽസ്യനെ കാണുന്നു....👤

"2020 ഫെബ്രുവരി വരെ നല്ല  അലച്ചിലാണ്...മാർച്ച്‌ പകുതിയോട് കൂടി എല്ലാ അലച്ചിലും മാറിക്കിട്ടും...സന്തോഷമായില്ലേ അരുണേട്ടാ.."😁😁 ഇതായിരുന്നു ഭാര്യയുടെ വാക്കുകൾ...ആ ജ്യോൽസ്യൻ വെറുതെ സന്തോഷിപ്പിക്കാൻ വേണ്ടി പറഞ്ഞതാകും എന്നാണ് ഞാൻ കരുതിയത്.....പക്ഷേ മാർച്ച്‌ പകുതി ആയപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായി....ഇപ്പോ ഒരു അലച്ചിലും ഇല്ല....വീട്ടിൽ തന്നെ കുത്തിയിരുപ്പാണ്...ഈ വിവരം അറിഞ്ഞ റീജോ, അഷ്‌കർ എന്നിവർ ആ ജ്യോത്സ്യനെ തന്നെ കാണണം എന്ന് വാശി പിടിച്ചിരിക്കുകയാണ്....എന്റെ പൊന്നു ജ്യോൽസ്യരെ നിങ്ങൾ പുലിയാണ്...🤪. 
എന്തൊക്കെ ആയാലും നന്ദ്യാർവട്ടം ഇത് വരെ പൂവായില്ല...കാത്തിരിക്കാം...😛

ചിത്രത്തിൽ കാണുന്ന ചെമ്പരത്തി മരം ഞാൻ നട്ടതല്ല...പക്ഷേ അതിൽ കാണുന്ന വലിയ അമ്പരത്തിപ്പൂവാണ് ഇപ്പോൾ എന്റെ ഭൂതവും വർത്തമാനവും ഭാവിയും എല്ലാം...❤️❤️

സന്ദേശം: ഇതിങ്ങനെ പ്രത്യേകിച്ച് സന്ദേശം ഒന്നും ഇല്ല...വെറുതെ വായിക്കുക...വീട്ടിൽ കുത്തിയിരുപ്പല്ലേ....പിന്നെ വായിക്കുന്നവരിൽ മൂലം നക്ഷത്രക്കാർ ഉണ്ടേൽ ലോക്ക് ഡൗൺ കഴിഞ്ഞു ധൈര്യമായി അമ്പലത്തിൽ പോയി ഒരു അർച്ചന നടത്തിയാട്ടെ...!! ശേ നാണിക്കേണ്ടാന്ന്...😁

Thursday, 23 April 2020

ഒരു താല്കാലിക ഗാനഗന്ധർവൻ

കോളേജിൽ റാഗിങ് നിയമവിരുദ്ധമാണെങ്കിലും ചെറിയ രീതിയിൽ ഉള്ള പരിചയപ്പെടൽ സാധാരണയാണല്ലോ....എനിക്കും ഉണ്ടായി ഒരനുഭവം...😊

വർഷം 2006...ഒരുപാട് പ്രതീക്ഷകളോടെ കോളേജിന്റെ പടിവാതിലിൽ കാലെടുത്തു വച്ചു...🚶‍♂️ക്ലാസ്സിൽ കയറുന്നതിനു മുൻപേ ഒരു സീനിയർ പയ്യൻ വന്നു വിളിച്ചു..."ഇവിടെ വാടാ !!"😠 ഞെഞ്ചിടിപ്പോടെ ഞാൻ അടുത്ത് ചെന്നു...എന്നോട് പേര്, സ്ഥലം, ഡിപ്പാർട്മെന്റ് ഇതൊക്കെ ചോദിച്ചു...എല്ലാത്തിനും വിനീതനായി ഞാൻ മറുപടി പറഞ്ഞു.... വീണ്ടും ഭീഷണിയുടെ സ്വരത്തിൽ "ഇനി നീ ഒരു പാട്ടു പാട്...!!". സ്ഥിരം കുട്ടികൾ പറയുന്ന പോലെ ഞാനും പറഞ്ഞു "എനിക്ക് പാടാനൊന്നും അറിയില്ല സേട്ടാ". "പാടാതെ നീ ഇവിടന്ന് പോകില്ല...പാട്രാ..!! 😡😡

ഭീഷണിയുടെ സ്വരം കടുത്തതോടെ മൂളിപ്പാട്ട് പോലും പാടാത്ത ഞാൻ പാടാൻ തീരുമാനിച്ചു...ആ സമയത്താണ് ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമ ഇറങ്ങുന്നത്...വിനീത് ശ്രീനിവാസൻ പാടിയ "എന്റെ ഖൽബിലെ വെണ്ണിലാവ് നീ" എന്ന ഗാനം കത്തി നിക്കുന്ന സമയം....നമുക്ക് ആറാം തമ്പുരാനിലെ ലാലേട്ടനെ പോലെ സംഗീത ഗുരുക്കൻമ്മാർ ആരും ഇല്ലാത്തത് കൊണ്ട് ഒരു ഉളുപ്പും ഇല്ലാതെ മേല്പറഞ്ഞ ഗാനം വച്ചു കാച്ചി...നാലു വരിയിൽ തന്നെ സീനിയർ ഫ്ലാറ്റ്..."നീ കൊള്ളാം...അടുത്ത കോളേജ് ഫങ്ക്ഷനിൽ നീ ഈ പാട്ടു തന്നെ പാടണം." ഇയാൾക്ക് തലയ്ക്കു സുഖമില്ലേ", 🙄 എന്ന് പിറുപിറുത്തു കൊണ്ട് ഞാൻ എന്റെ ക്ലാസ്സിൽ പോയി ഇരുന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോളേജ് യൂണിയൻ ഭാരവാഹി ക്ലാസ്സിൽ വന്നു ചോദിച്ചു..."ആരാ അരുൺ...നീ പാടുമല്ലേ...നിന്റെ പേര് കൊടുത്തിട്ടുണ്ട്... മറ്റന്നാൾ സ്റ്റേജിൽ കേറി പാടണം. എല്ലാം വളരെ പെട്ടന്നായിരുന്നു...കോളേജിൽ പാടാൻ അവസരം കിട്ടുക എന്നത് ചില്ലറ കാര്യമല്ല...പക്ഷേ "എന്റെ ഖൽബിലെ" എന്ന ഗാനം പാടാൻ കഴിഞ്ഞില്ല. അതൊക്കെ കോളേജിലെ ആസ്ഥാന ഗായകർ പാടും...അന്നത്തെ ഹിറ്റ് ഗാനമല്ലേ...🎶🎸

അങ്ങനെ ഏതു പാട്ടു പാടും എന്ന ആലോചനയിൽ ഇരിക്കുമ്പോളാണ് യുഗ്മഗാനം എന്ന ആശയം മനസ്സിൽ വന്നത്...ക്ലാസ്സിൽ പാടുന്ന ഒരു കുട്ടി ഉണ്ടായിരുന്നു.... എന്നെപ്പോലെയല്ല...സംഗീതം അഭ്യസിച്ച കുട്ടി...🎼അവൾ കൂടെ പാടാമെന്ന് സമ്മതിക്കുന്നു....🎤

ഗവണ്മെന്റ് കോളേജിൽ... അതും കോളേജ് യൂണിയൻ പിന്തുണയോടെ പാടുമ്പോൾ അതൊരു വില തന്നെയല്ലേ...അവസരം ചിലപ്പോൾ നമ്മളെ തേടി വരും..അപ്പോൾ കേറി അങ്ങ് മിന്നിച്ചേക്കണം...അതെ..മിന്നിച്ചു.... കീർത്തിചക്ര എന്ന ചിത്രത്തിലെ "പൂഞ്ചോലൈ കിളിയെ" എന്ന കാർത്തിക് പാടിയ ഗാനം....പാടി....🎤🎶 പാട്ടിനൊപ്പം ഞാനും ഹിറ്റ് ആയി... (വീണ്ടും പാടാൻ പറയരുത് 🙏) കൈയടിയുടെ മേളം...👏👏. കോളേജ് മുഴുവൻ  "അരുൺ" എന്ന പേര് മുഴങ്ങിക്കേട്ട ദിവസമായിരുന്നു അത്....സത്യത്തിൽ അങ്ങനെയൊക്കെ പാടാൻ പറ്റുമെന്ന് ഞാൻ എന്റെ സ്വപ്നത്തിൽ പോലും കരുതീട്ടില്ല.. തള്ളിയതല്ല കേട്ടോ...നടന്നതാ..🙈

പിന്നീടങ്ങോട്ട് ഫാൻസ്‌ കൂടി...👋അല്പം തലക്കനം ഒക്കെ വന്നു...ഗായകൻ അല്ലേ...👨‍🎤അതും കോളേജിൽ ഗായകന്മാർക്ക് ഉള്ള സ്വാധീനം ഞാൻ പറയാതെ തന്നെ അറിയാമല്ലോ.... 😜 അങ്ങനെ അടുത്ത പ്രോഗ്രാം വന്നു...കാർത്തിക് പാടിയ പാട്ടു തന്നെ പാടണം എന്ന് നിർബന്ധം.... ഒടുവിൽ ഗാനം തിരഞ്ഞെടുത്തു...ഗജിനി എന്ന സിനിമയിലെ "ഒരു മാലൈ ഇളവെയിൽ നേരം". ഒരു ട്രയൽ പോലും നോക്കീല...ചുമ്മാ പാട്ടൊന്ന് കേട്ടു നോക്കി....മതി..ധാരാളം...സ്റ്റേജിൽ കസറും...അതാണല്ലോ ശീലം...ഗായകൻ അല്ലേ..😎.

ക്ലാസ്സിലെ കുട്ടികളും....എന്തിനു കോളേജ് മുഴുവൻ എന്റെ പാട്ടു കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നു...സുഹൃത്തു ഹരി...അവനു കാലിൽ എന്തോ പരിക്ക് പറ്റി നടക്കാൻ പോലും വയ്യാതെ എന്റെ പാട്ടു കേൾക്കാൻ വേണ്ടി മാത്രം വന്നു ഗാലറിയിൽ ഇടം പിടിച്ചു....നല്ല തിരക്ക്..എന്റെ പേര് മൈക്കിലൂടെ പറഞ്ഞതും കൈയ്യടി തുടങ്ങി....കർട്ടൻ മെല്ലെ മുകളിലേക്ക് ഉയർന്നു....എന്നെ കണ്ടതോടെ കൈയ്യടിയുടെ ശബ്‍ദം കൂടി വന്നു....ആ ഒരു സെലിബ്രിറ്റി ഫീൽ ഉണ്ടല്ലോ.....അതൊക്കെ അനുഭവിക്കണം...❤️

കരോക്കെ ഇട്ടു....ഞാൻ പാടിത്തുടങ്ങി....
"ഒരു മാലൈ ഇളവെയിൽ നേരം..
അഴകാന ഇളയുതിർ കാലം..."
ഇത്രേം പാടിയതേ എനിക്ക് ഓർമ്മയുള്ളൂ....😬കോളേജ് മൊത്തം കൂകി വിളിച്ചു.... പാടിയപ്പോൾ വെള്ളി വീണതാണോ സ്വർണ്ണം വീണതാണോ എന്നൊന്നും ഒരു പിടിയുമില്ല...ശബ്ദം ആകെ ഇടറി...ആദ്യ രണ്ടു വരി കേട്ടപ്പോ തന്നെ സുഹൃത്തു ജോൺസൻ മതിൽ വഴി എടുത്ത് ചാടി രക്ഷപെട്ടു.🏃‍♂️ സുഹൃത്തു റിയാസ് അവനെന്തോ ഫോൺ വന്ന പോലെ ഫോണും ചെവിയിൽ പിടിച്ചു ഒറ്റ ഓട്ടം...🕺🤳. നടക്കാൻ വയ്യാത്ത ഹരി മാത്രം ആൾകൂട്ടത്തിൽ നിന്നു കൊണ്ട് എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു....🙆‍♂️ കർട്ടൻ പൊക്കിയവൻ എന്നെ പുച്ഛത്തോടെ നോക്കികൊണ്ട് കർട്ടൻ ഇട്ടോട്ടെ എന്ന മുഖഭാവത്തിൽ ആക്കി ചിരിക്കുന്നു...🙏

എന്നാലും ചില കട്ട ഫാൻസ്‌ കൈയടിച്ചു.... ഞാനും  വിട്ടു കൊടുത്തില്ല...രണ്ടു വരി അല്ലേ ആയുള്ളൂ...മൂന്നാമത്തെ വരിയിൽ പോയ മാനം തിരിച്ചു  പിടിക്കാം...💪. ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടിൽ വീണ്ടും പാടി....അതേ ഇടറിയ ശബ്ദം...ഇത്തവണ കൂവലിന്റെ ശക്തി കൂടി കൂടി വന്നു...പാടി മുഴുമിപ്പിക്കാൻ അവർ സമ്മതിച്ചില്ല...ദേഹത്തു മണ്ണ് പറ്റും എന്ന അവസ്ഥ വന്നതോടെ കർട്ടൻ താഴ്ത്തേണ്ടി  വന്നു....സ്റ്റേജിൽ നിന്നും ഇറങ്ങിയപ്പോ ഹരി എന്നോട് ചോദിച്ചു..."ഡാ...നിനക്കെന്ത് പറ്റി...? " ഞാൻ പറഞ്ഞു "കൂൾ ഡ്രിങ്ക്‌ഡ്‌ കുടിച്ചതിന്റെ ആകാം...ശബ്ദം ഇടറി..." ഇത് കേട്ടു മറ്റുള്ള കൂട്ടുകാരും ഓടി വന്നു...."പ്ഫാാ....പാടാൻ കേറുമ്പോളാണോടാ തണുത്ത വെള്ളം കുടിക്കുന്നത്" എന്നൊരു ആട്ടലിൽ തുടങ്ങി സന്തോഷ്‌ ജോർജ് കുളങ്ങര പറയുന്ന പോലെ അവർ എന്തൊക്കെയോ ഗോത്രഭാഷയിൽ എന്നോട് സംസാരിച്ചു....🙉

ഒരു ഗായകന്റെ ഉയർച്ചയും പതനവും ഒരേ വേദിയിൽ...അന്നെന്റെ പാട്ട് കേട്ടവർ ആരും പിന്നീടൊരിക്കലും അതിന്റെ ഒറിജിനൽ കേൾക്കാൻ വഴിയില്ല...അത്രക്ക് ഗംഭീരപ്രകടനം ആയിരുന്നു ഞാൻ കാഴ്ച വച്ചത് 🙈. എന്തിനു...ഞാൻ പോലും ആ പാട്ടു വെറുത്തു പോയി...15 വർഷങ്ങൾക്ക് ശേഷം ഈ കുറിപ്പെഴുതാൻ വേണ്ടി ഇന്നലെ ഞാൻ ആ പാട്ടു വീണ്ടും കേട്ടു...എനിക്ക് തന്നെ ചിരി വന്നു...എന്തൊക്കെ ആയിരുന്നു...😐

എന്നെ സംഗീതം പഠിക്കാൻ വിടാത്തത് കൊണ്ട് അമ്മയോട് എപ്പോളും ഞാൻ പരാതി പറയുമായിരുന്നു....അച്ഛനോട് പറഞ്ഞാൽ പറയും "മോനേ...ഇവിടെ 5 പശുക്കൾ ഉണ്ട്...നീ വെറുതെ പാടി അതുങ്ങളെ വെറുപ്പിക്കരുത്" 🙄

എന്തായാലും റാഗിങ് കാരണം ഉള്ളിലെ പാട്ടുകാരൻ പുറത്തു വന്നു....പിന്നെയും ഒരുപാട് വേദികളിൽ "വിനീതനായി" പാടി...കൈയ്യടി കിട്ടി... ഇപ്പോൾ പാടാറില്ല....അവസരം ഇല്ല...പിന്നെ smule...അതൊന്നും ഒരു രസമില്ലന്നേ....സ്റ്റേജിൽ കേറി പാടുന്ന സുഖം ഒന്നു വേറെ തന്നെയാ...🎤🎶. അതിപ്പോ കൈയടി ആയാലും കൂവൽ ആയാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുക.. നിർത്തുന്നു...💕💕💕

സന്ദേശം : വിനയാന്വിതനായിരിക്കുക... വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കുക...!! 

Be Humble...Don’t Let Success Go to Your Head...!!

Sunday, 19 April 2020

മഹാനായ രസതന്ത്രജ്ഞൻ 🧪👨🏻‍🔬💥===============================

മഹാനായ രസതന്ത്രജ്ഞൻ 🧪👨🏻‍🔬💥
=============================
ഡിഗ്രി ഒന്നാം വർഷം...(BSc. Industrial Chemistry, കാര്യവട്ടം ഗവണ്മെന്റ് കോളേജ്). ക്ലാസ്സിൽ കേറുന്ന പതിവ് കുറവാണെങ്കിലും കെമിസ്ട്രി ലാബിൽ എന്റെ സ്ഥിരസാന്നിദ്ധ്യം ഉണ്ടായിരുന്നു.⚗️🧪🧫

Titration (ഒരു ലായനിയുടെ സാന്ദ്രത കാണുന്ന പ്രക്രിയ) ആയിരുന്നു ലാബിൽ ചെയ്യാനിഷ്ടവും...നിറം മാറുന്ന ഒരു പരിപാടി എന്ന് വേണേൽ പറയാം...പച്ചവെള്ളത്തിൽ ഉജാല ഒഴിക്കില്ലേ...ഏതാണ്ട് അത് പോലെ ഇരിക്കും..🤭. ഒരു തുള്ളി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം കുളമാകും...വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യം..

ആദ്യവർഷം ആയത് കൊണ്ട് എല്ലാവരെയും പരിചയമായി വരുന്നതേ ഉള്ളൂ....ക്ലാസ്സിൽ ഒരു ഉണ്ടക്കണ്ണി ഉണ്ടായിരുന്നു...🙄. ലാബിൽ അവൾ  എന്റെ അടുത്തായിരുന്നു നിന്നത്...ഇടക്കിടക്ക് ഉണ്ടക്കണ്ണ് ഒന്നൂടെ ഉരുട്ടികൊണ്ട്  അവൾ ചോദിക്കും..."ഡാ കിട്ടിയോടാ???". ഞാനും കണ്ണുരുട്ടി തന്നെ നോക്കി പറയും "കിട്ടീല....കണ്ടൂടെ ചെയ്യുന്നത്" 🤨. പിന്നെ കുറച്ച് നേരത്തേക്ക് അവൾ നോക്കില്ല...

എല്ലാരും titration ചെയുന്ന തിരക്കിലാണ്...കൂട്ടത്തിൽ ഒരുവൻ വിഷ്ണു സാറിനോട് ചോദിച്ചു..."സാറേ, ഈ ലാബിൽ Sulphuric Acid ഒന്നും ഇല്ലേ...പുറത്തൊന്നും കാണാൻ ഇല്ലല്ലോ...?? "🤔 അപ്പോൾ സാറിന്റെ രസകരമായ മറുപടി.. "ഉണ്ടല്ലോ...പക്ഷേ നിന്നെയൊക്കെ പോലെ വീര്യം കൂടിയ ഇനമാണ് അതും...അത് കൊണ്ട് തമ്മിൽ കാണാതിരിക്കാൻ അലമാരിയിൽ വച്ചു പൂട്ടിയേക്കുവാണ്.... Titration ചെയ്തു value കൊണ്ട് വാടാ വേഗം...അവന്റെ ഒരു സംശയം..!!"" 😡😡 ഇത് കേട്ട് എല്ലാരും ചിരിക്കുന്നു....ആ ഉണ്ടക്കണ്ണിയും എന്നെനോക്കി കുണുങ്ങി കുണുങ്ങി ചിരിക്കുന്നു...അവളെ തുറിച്ചു നോക്കികൊണ്ട് വലിയ ഏതോ സയന്റിസ്റ്റിനെ പോലെ ഞാൻ Titration-ൽ  മുഴുകിയിരുന്നു...ഒന്ന് രണ്ടു തുള്ളി കൂടി വീണാൽ ഒരു പിങ്ക് കളർ വരും. അപ്പോ കിട്ടുന്ന value എഴുതണം. ഒടുവിൽ പിങ്ക് കളർ കിട്ടി...ഹാവൂ...ഒരു രാജ്യം വെട്ടിപ്പിടിച്ച പ്രൗഢി......ആദ്യം എനിക്ക് തന്നെ കിട്ടിയെന്ന അഹങ്കാരവും....😏.

ഇത് കണ്ടു നിന്ന ആ  ഉണ്ടക്കണ്ണി "ആഹാ....നിനക്കു കിട്ടി അല്ലേടാ" എന്ന് പറഞ്ഞു തോളിൽ ഒറ്റ തട്ട്.....ആ തട്ടിൽ കൈ തെറ്റി മൂന്ന് നാലു തുള്ളി കൂടി വീണു...പിങ്ക് നിറം മാറി വയലറ്റ് നിറമായി...എല്ലാം കുളമായി... ചീട്ടുകൊട്ടാരം പോലെ എല്ലാം തകർന്നടിഞ്ഞു..."🥺. ഇത് കണ്ട് വന്ന സാർ എന്നെ കുറേ വഴക്കും. "ഇങ്ങനെ ആണോടോ ചെയ്യുന്നത്....താൻ ഇനി ചെയ്യണ്ട"..
ഞാൻ ആ ഉണ്ടക്കണ്ണിയെ രൂക്ഷമായൊന്നു നോക്കി...അവളാണേൽ ഒന്നും അറിയാത്ത പോലെ നിൽക്കുന്നു...അമ്മാതിരി അഭിനയം...😳 "ഇവൾക്ക് വല്ല സിനിമയിലും അഭിനയിക്കാൻ പോയികൂടെ.. പെരുങ്കള്ളി" (ഞാൻ മനസ്സിൽ പറഞ്ഞു).

വിഷമത്തോടെ നിൽക്കുന്ന എന്നെ നോക്കി വിഷ്ണു സർ പറഞ്ഞു..."നീ പോയി ആ  evaporating dish (ചെറിയൊരു പാത്രം പോലെ ഇരിക്കും) എടുത്ത് കൊണ്ട് വന്നേ".അതല്പം ദൂരെ ആണ് ഇരിക്കുന്നത്...അവിടെ ചെന്നപ്പോൾ ഒരെണ്ണം പോലും ഇല്ല...നോക്കി നോക്കി അവസാനം ഒരെണ്ണം കിട്ടി...അതിലാണെങ്കിൽ നിറയെ അഴുക്കുവെള്ളം പോലെ എന്തോ കിടക്കുന്നു..."😒😒 ഇവർക്കൊക്കെ ഇതൊക്കെ ഒന്ന് വൃത്തി ആക്കി വച്ചൂടെ....ലാബ് ആണ് പോലും.."മുറുമുറുത്തു കൊണ്ട് ഞാൻ അതുമെടുത്ത് വാഷ് ബേസിൻ ലക്ഷ്യമാക്കി നടന്നു....🚶‍♂️🚶‍♂️

പാത്രത്തിലെ അഴുക്കുവെള്ളം ഞാൻ വാഷ്‌ബേസിനിൽ കളഞ്ഞു....പെട്ടന്ന് വാഷ് ബേസിനിൽ നിന്നും പുക വരുന്നത് പോലെ ഒരു തോന്നൽ.... തോന്നൽ അല്ലാ പുക കൂടി കൂടി വരുന്നു...എന്തോ പന്തികേട് തോന്നി..പെട്ടെന്ന് എന്നിലെ സ്വബോധം ഉണർന്നു...ലാബിനു തീ പിടിക്കുമോ?? എന്റെ സർ...എന്റെ കൂട്ടുകാർ...എല്ലാവരെയും എനിക്ക് രക്ഷിക്കണം....സൂപ്പർമാനൊക്കെ മനസ്സിൽ വന്നിട്ടു പോയി..🦸‍♂️🦸..presence of mind എന്നൊക്കെ പറയില്ലേ....ഉടൻ തന്നെ പൈപ്പ് തുറന്നു.....വെള്ളം വാഷ്‌ബേസിനിലേക്ക് ഒഴുകി...തീ പടരാൻ പാടില്ലല്ലോ....🔥

വെള്ളം തുറന്ന് വിട്ടത് മാത്രം എനിക്ക് ഓർമയുണ്ട്....പിന്നീട് ലാബിൽ ദീപാവലി ആയിരുന്നു....എങ്ങും വെടിയൊച്ചകൾ മാത്രം..🔥⚡️. വിഷ്ണു സർ ചിതറി ഓടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു....വെടിയൊച്ച കേട്ട് പേടിച്ചു പോയ പെൺകുട്ടികളുടെ കയ്യിൽ നിന്നു ടെസ്റ്റ്‌ ട്യൂബ്സ്, ബീക്കർ എല്ലാം തറയിൽ വീണു പൊട്ടി...ആകെ കബൂർ സീൻ...🤦‍♂️

സോഡിയം മണ്ണെണ്ണയിൽ ഇട്ടു വച്ചിരുന്ന പാത്രമാണ് ഞാൻ എടുത്ത് കൊണ്ട് വന്നത്...അത് വെള്ളത്തിൽ ഇട്ടാൽ പൊട്ടുമെന്ന് അറിയാമെങ്കിലും ഇങ്ങനെയൊക്കെ പൊട്ടാമോ...🤕. 

കുറച്ച് കഴിഞ്ഞു യുദ്ധഭൂമി ശാന്തമായി...സർ എന്നെ അടുത്തേക്ക് വിളിച്ചു...ആ സമയത്ത് കോളേജിലെ പ്യൂൺ ലാബിലേക് കേറി വന്നു ഒരു പേപ്പർ സാറിന്റെ കയ്യിൽ കൊടുത്തു... "Shooting Sports"നു താല്പര്യം ഉള്ളവർ പേര് കൊടുക്കാൻ ഉള്ള സർക്കുലർ ആയിരുന്നു അത്...അത് വായിച്ച ഉടനെ സർ എന്നെ ചൂണ്ടികാണിച്ചു പറഞ്ഞു "ഇതിനു ഇവൻ ബെസ്റ്റാണ്....ഇപ്പോ കുറേ പൊട്ടിച്ചതേ ഉള്ളൂ". ലാബ് മൊത്തം കൂട്ടച്ചിരി...😆😆

ചിരിക്കണോ കരയണോ എന്നറിയാതെ ലാബിൽ നിന്നും ഞാൻ പുറത്തേക്ക് ഇറങ്ങി...അപ്പോളും ആ ഉണ്ടക്കണ്ണി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..🤭🤭🤭

ശുഭം.. !!🏃‍♂️🏃🚶‍♂️🚶
വര : റീജോ എം ലോറൻസ് ❤️❤️❤️

Thursday, 16 April 2020

ലക്ഷ്യം

ലക്ഷ്യം
======
ഡിഗ്രി കഴിഞ്ഞ് ജേർണലിസം പഠിക്കാൻ  ആയിരുന്നു താല്പര്യം...നിർഭാഗ്യവശാൽ അത് നടന്നില്ല...ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ എപ്പോളും ഉണ്ടായിരുന്നു...😊

പോസ്റ്റ്‌ ഗ്രാജുവേഷൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ആയിരിന്നു...പഠനം പൂർത്തിയാകുന്ന സമയത്താണ് മാതൃഭൂമി ന്യൂസിൽ ലൈബ്രേറിയന്റെ ഇന്റർവ്യൂനു വിളിക്കുന്നത്....മനസ്സിൽ മണ്ണിട്ടു മൂടിയ ആഗ്രഹം വീണ്ടും പൊട്ടിമുളച്ചു...ഒരുപാട് പ്രതീക്ഷകളോടെ ഞാൻ, അഷ്‌കർ, മനോജ്‌, ബവിജേഷ്,റീജോ  ഇങ്ങനെ കുറച്ച് പേർ ഇന്റർവ്യൂന് പോയി...😊😊

ചോദ്യശരങ്ങൾ എന്ന് കേട്ടിട്ടേ ഉള്ളൂ....അന്ന് കണ്ടു....

ആദ്യത്തെ ശരം  "ഇന്നത്തെ പത്രം വായിച്ചു കാണുമല്ലോ...അതിൽ രണ്ടാമത്തെ പേജിലെ ഇടത്തേയറ്റം കൊടുത്തേക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ പറയൂ??" 
ഉത്തരം : അറിയില്ല 

രണ്ടാമത്തെ ശരം: താങ്കളുടെ മണ്ഡലത്തിലെ  MLA എത്ര വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്  വിജയിച്ചത്? 
ഉത്തരം : അറിയില്ല

മൂന്നാമത്തെ ശരം: ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട്  ക്രിക്കറ്റ് മത്സരത്തിൽ ധോണിയുടെ വിക്കറ്റ് എടുത്ത ബൗളറിന്റെ പേര്? 
ഉത്തരം : അറിയില്ല 

ഇങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ...ചിലതിനൊക്കെ ഉത്തരം പറഞ്ഞെങ്കിലും വ്യക്തത ഇല്ലായിരുന്നു... അങ്ങനെ ശരപഞ്ചരമായി ഞാൻ പുറത്തേക്ക് ഇറങ്ങി വന്നു...അപ്പോ ഒരു ചോദ്യം കൂടി പുച്ഛത്തോടെ അവർ ചോദിച്ചു...നിനക്കു കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്നെങ്കിലും അറിയാമോ?? ...ആ ചോദ്യം ഞെഞ്ചിൽ അങ്ങ് തറച്ചു...വിഷമം സഹിക്കാൻ വയ്യ..."ഒട്ടും സഹിക്കാൻ പറ്റാതായത്" അഷ്‌കർ, മനോജ്‌,  ബവിജേഷ്‌ ഇവർക്ക് ആ ജോലി ലഭിച്ചു എന്നുള്ളതാണ്...കള്ള ബടുവകൾ...🙈🙈. വെറുതെയാണ് കേട്ടോ...ശരിക്കും മാതൃഭൂമിയിൽ എനിക്ക്  ജോലി ലഭിക്കാത്തതിൽ എന്നേക്കാൾ വിഷമം  അവർക്കായിരുന്നു....മനസ്സിൽ പൊട്ടിമുളച്ച ആഗ്രഹം  മണ്ണിട്ട് മൂടി പുതിയൊരു ജോലി അന്വേഷിച്ചു ഞാൻ നടന്നു...🚶‍♂️🚶🚶

അങ്ങനെ ശാസ്ത്ര ഭവനിലെ ലൈബ്രറിയിൽ  താത്കാലികമായി ജോലി ലഭിച്ചു...ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ മനോരമ ന്യൂസിൽ ലൈബ്രേറിയൻ ഒഴിവ് ഉണ്ടെന്ന് അറിഞ്ഞു....എല്ലാം മറന്നിരുന്ന എന്നെ വീണ്ടും അമിതമായി പ്രോത്സാഹിപ്പിച്ച നാല്  മഹത് വ്യക്തികൾ... സോണി, അഷ്‌കർ, മനോജ്‌, ബവിജേഷ്‌...."നീ മരണ മാസ്സാണ്...നിനക്കു ഇത് കിട്ടും" തുടങ്ങി ഒരഞ്ചു കുറ്റി പുട്ടിനുള്ള തള്ള് ഇവർ തള്ളി...🤚✋️.തുടർന്ന് എന്നെ അവർ പഠിപ്പിക്കാൻ തുടങ്ങി...ചോദ്യങ്ങൾ എങ്ങനെ ഏതു രീതിയിൽ ചോദിക്കും, അതിനുള്ള മറുപടി എങ്ങനെ കൊടുക്കണം, വര്‍ത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങള്‍ ഇതൊക്കെ അക്കമിട്ടു മനസ്സിൽ കുറിച്ചു...അത്യാവശ്യം പത്രവായന കൂടിയപ്പോൾ സംഗതി ഉഷാറായി...ഒരു ആത്മവിശ്വാസം....ഈ മുറിവേറ്റ സിംഹത്തിന്റെ ഗർജനം എന്നൊക്കെ പറയില്ലേ...😜..ആ ഒരു ഫീൽ...😊😊

ഒടുവിൽ കോട്ടയം മനോരമ ഓഫീസിലേക്ക് സോണിയുടെ പഴയ മാരുതി 800ൽ വച്ചു പിടിച്ചു...ഇന്റർവ്യൂ തുടങ്ങി...ഒരൊറ്റ ചോദ്യത്തിന് പോലും എന്നെ തോല്പിക്കാൻ അവർക്കായില്ല...ചോദ്യശരങ്ങൾക്കെല്ലാം ബ്രഹ്മാസ്ത്രം പോലെ കൃത്യമായ മറുപടി...അതിൽ ഏറ്റവും കുഴക്കുന്ന ചോദ്യം ഇതായിരുന്നു..."കഴിഞ്ഞ ആഴ്ച ഒരു ബോംബ് സ്ഫോടനം ഇന്ത്യയിൽ ഉണ്ടായി...അത് ഏതു സംസ്ഥാനത്തിൽ ആണെന്ന് എന്ന് താങ്കൾക്ക് അറിയാം...പക്ഷേ ബോംബ് വച്ചിരുന്നത് എവിടെയായിരുന്നു? " ഇതിൽ ഞാൻ തോൽവി സമ്മതിക്കും എന്നവർ കരുതി...പക്ഷേ ഉത്തരം ഞാൻ പറഞ്ഞു "സൈക്കിൾ". ഇത് കേട്ടു ഞെട്ടിയ ഇന്റർവ്യൂ ബോർഡിലെ അംഗം എന്നോട് ചോദിച്ചു..താൻ വിചാരിച്ച പോലെ അല്ലാലോ...തോൽക്കാൻ മനസില്ല അല്ലേ...? "
ചിരിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു.. "തലക്കെട്ടു മാത്രമല്ല... ഉള്ളിലുള്ളത് ചികഞ്ഞു വായിക്കാനും പഠിച്ചു സർ"...എന്റെ സുഹുത്തുക്കൾ അതെന്നെ പഠിപ്പിച്ചു എന്ന് വേണം പറയാൻ...ഒടുവിൽ എനിക്ക് ഹസ്തദാനം നൽകി അദ്ദേഹം പറഞ്ഞു "നമ്മൾ ഉടൻ കാണും.. ഗുഡ് ലക്ക്". ജോലി കിട്ടിയതായി ഞാൻ ഉറപ്പിച്ചു...

മനോരമയിലെ ഓഫീസിൽ നിന്നും ജോലിയിൽ എന്ന് പ്രവേശിക്കണം എന്ന ഫോൺ സന്ദേശം ഇന്ന്  വരും നാളെ വരും എന്ന് കരുതി ക്ഷമ നശിച്ചു. ഒടുവിൽ രണ്ടാഴ്ച  കഴിഞ്ഞപ്പോൾ അങ്ങോട്ടു വിളിച്ചു ചോദിച്ചു....അപ്പോൾ കിട്ടിയ മറുപടി കണ്ണു നിറച്ചു..."ഒരാളെ തിരഞ്ഞെടുത്തു...പുള്ളി അടുത്ത ദിവസം തന്നെ ജോയിൻ ചെയ്തു...."😳😳

ഒരുപാട് കരഞ്ഞു അന്ന് ...😭 കരഞ്ഞില്ലേൽ ഡിപ്രെഷൻ കൊണ്ട് വേറെ വല്ല അസുഖവും വരും...വിഷമം സഹിക്കാൻ വയ്യാതെ  സുഹൃത്തു സോണിയെ വിളിച്ചു...അവൻ എപ്പോളും ഒരു കാര്യം പറയും.."എല്ലാം നല്ലതിന്". ചില സമയം ദേഷ്യം വരുമെങ്കിലും ആ വാക്കുകൾക്ക് ഒരുപാട് അർത്ഥമുണ്ടെന്ന് മനസിലാക്കിയ നിമിഷങ്ങൾ...എന്നിട്ടു അവൻ ബൈക്ക് എടുത്ത് നേരേ വീട്ടിൽ വന്നു  പറയും "വാ കേറൂ, നമ്മുക്ക് നേരേ മാതൃഭൂമിയിൽ പോകാം"...🛵അവിടന്ന്  അഷ്കറിനെയും, മനോജിനെയും, ബവിജേഷിനെയും വിളിച്ചു കൊണ്ട് നേരേ ഹോട്ടലിൽ പോകും..

വിഷമങ്ങൾ പറയുമ്പോൾ ബവിജേഷ്‌ കോഴിക്കോടൻ ശൈലിയിൽ  പറയും "മുത്തേ .. അനക്ക് ബീഫ് വേണാ... പൊറോട്ട...? ചങ്ങായി ഒരൊ ഒരട്ടീം കൂടി തിന്ന്.. , ഒരു കുലുക്ക് സർബത്ത് കൂടി കേറ്റിയാൽ ഉഷാർ "...അങ്ങനെ വെട്ടിവിഴുങ്ങും...., കുടിക്കും(സർബത്ത്), വയറ് പെരുത്താൽ വല്ലാത്തൊരു ആശ്വാസം..!☺️☺️  

വിഷമം/ഡിപ്രെഷൻ ഇടക്കൊക്കെ ഉള്ളത് കൊണ്ട് ഒരുപാട് ആഹാരം കഴിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു..."Eating too much and not eating enough can be signs of depression". പബ്ലിക് ലൈബ്രറിയിലെ റഫറൻസ് സെക്ഷനിൽ ഏതോ ഒരു പുസ്തകത്തിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്...🤭

കാലം ഒരുപാട് കഴിഞ്ഞു പോയി...മൂന്നര വർഷം ശാസ്ത്ര ഭവനിൽ ജോലി ചെയ്തു.. മാധ്യമരംഗ സ്വപ്നം ഒക്കെ പതുക്കെ മറന്നു തുടങ്ങി എങ്കിലും പത്രവായന തുടർന്നു... വലിയ ആവേശമൊന്നുമില്ലാതെ ഒരു ദിവസം അഷ്‌കർ വിളിച്ചു..."ഡാ തെറി പറയരുത്...ഏഷ്യാനെറ്റ് ന്യൂസിൽ ലൈബ്രേറിയൻ പോസ്റ്റ്‌ വിളിച്ചേക്കുന്നു..നീ കൊടുക്കുന്നോ...? "😐 
"നീ ഒന്ന് പോയേ....അതും ഏഷ്യാനെറ്റ് ന്യൂസ്‌... എനിക്ക് താല്പര്യം ഇല്ല" എന്ന് മുഖത്തടിച്ച പോലെ ഞാൻ പറഞ്ഞു...🙄ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി മനസില്ലാമനസോടെ ഇന്റർവ്യൂനു പോയി...

നേരേ ഏഷ്യാനെറ്റ് ന്യൂസിലേക്ക്....അവിടെ ചെന്നപ്പോൾ ആദ്യം എഴുത്ത്‌ പരീക്ഷ ഉണ്ടത്രേ...ഒരു ടെൻഷനും ഇല്ലാതെ പരീക്ഷ എഴുതി....20 ചോദ്യങ്ങൾ...അതിൽ  19 ശരിയുത്തരം...ഇന്റർവ്യൂ തുടങ്ങി...പഴയ ആ ഫ്ലോ ഇല്ലെങ്കിലും ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞു...എല്ലാവരും പറഞ്ഞ പോലെ തന്നെ "ശരി ഞങ്ങൾ അറിയിക്കാം" എന്ന പതിവ് തെറ്റാതെയുള്ള ഇന്റർവ്യൂ ബോർഡ്‌ അംഗങ്ങളുടെ മറുപടിയും കേട്ട് ഞാൻ അവിടന്ന് ഇറങ്ങി...🚶‍♂️

ഒരു മാസത്തിനു ശേഷം ഒരു ഫോൺ കാൾ...."ഏഷ്യാനെറ്റ് ന്യൂസിൽ നിന്നുമാണ്....താങ്കളെ  സെലക്ട്‌ ചെയ്തിരിക്കുന്നു....ജോലിയിൽ പ്രവേശിക്കാൻ താല്പര്യം ഉണ്ടോ...? " കണ്ണു നിറഞ്ഞ നിമിഷങ്ങൾ...🥺🥺 ഞാൻ ആഗ്രഹിച്ച..സ്വപ്നം കണ്ട ജോലി..അതും റേറ്റിംഗിൽ കേരളത്തിലെ ഒന്നാം നമ്പർ വാർത്ത ചാനൽ...👌👌

ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല..കഷ്ടിച്ച് ഒരു  മാസമേ എനിക്ക് അവിടെ ജോലി ചെയ്യാൻ സാധിച്ചുള്ളൂ...അടുത്ത മാസം തന്നെ സുപ്രീം കോർട്ടിൽ ജോലിക്കു പ്രവേശിച്ചു...മേൽപറഞ്ഞ എന്റെ സുഹൃത്തുക്കളിൽ  ഒരാളുപോലും ഇപ്പോൾ മാധ്യമ സ്ഥാപനത്തിൽ ഇല്ല എന്നതും.....എല്ലാരും അങ്ങ് സെൻട്രലിൽ (Central Govt Job)ആണെന്നതും മറ്റൊരു അഭിമാനം..💪💪
 
പറഞ്ഞു വന്നത് ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടെങ്കിൽ അത് വിടാതെ പിന്തുടരുക...ഇടക്ക് വച്ചു നമ്മൾ വിട്ടാലും ദൈവം അത് കൊണ്ട് വന്നു കയ്യിൽ വച്ചു തരും....എന്നിട്ട് നമ്മുടെ സോണി പറയുന്ന പോലെ പറയും "എല്ലാം നല്ലതിന്".😇😇😇

സന്ദേശം:
1. നിങ്ങൾക്ക് ഒരു സ്വപ്നം/ലക്ഷ്യം മനസ്സിൽ  ഉണ്ടെങ്കിൽ അത് നടന്നിരിക്കും...പരിശ്രമിക്കുക...💪💪
(“All our dreams can come true, if we have the courage to pursue them...if you can dream it..you can do it...WaltDisney)

2.തട്ടത്തിൻ മറയത്ത് സിനിമയിൽ പറഞ്ഞ പോലെ  "ഈ പടച്ചോൻ ഭയങ്കര സംഭവം തന്നെയാട്ടോ.. ചില ആഗ്രഹങ്ങളൊക്കെ നമ്മൾ മറന്നാലും പുള്ളി മറക്കില്ല..."😇😇

Tuesday, 14 April 2020

ഉപ്പ്മാവ് സൈക്കോ.. 🤪🤪🤪

ഉപ്പ്മാവ് സൈക്കോ
==================

ഉപ്പ്മാവ് സ്പെഷ്യലിസ്റ് ആണ് പുള്ളി...കടുക്, ഉഴുന്ന്, മുളക്,  ഇഞ്ചി, കറിവേപ്പില,  സവോള,  ഉപ്പ്,  ബീൻസ്, ക്യാരറ്റ്, ബീറ്റ്റൂട്ട്,  ഗ്രീൻപീസ്,  ആപ്പിൾ,  പഴം,  പഞ്ചസാര, ശർക്കര/കരിപ്പെട്ടി,കിസ്മിസ്, ഡേറ്റ്സ്, മുട്ട,  മീൻ,  ചിക്കൻ...എന്തിന്,  കണ്ണു തപ്പിയാൽ  തേയില തൊട്ടു ഉണക്ക മീൻ വരെ....തിരിച്ചു കടിക്കാത്ത എന്തും പുള്ളി ഇട്ടു കളയും...🤪. ഉപ്പ്മാവിനു ജീവൻ ഉണ്ടേൽ എഴുന്നേറ്റ് വന്നു പറയും "എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ??"🥺🥺. ഒരു ഉപ്പ്മാവ് സൈക്കോ... റീജോ എം ലോറൻസ്...🤭. ഡൽഹിയിലെ എന്റെ സഹമുറിയൻ..😇.

ഇക്കാരണങ്ങൾ കൊണ്ട് തന്നെ റവ മേടിക്കുമ്പോൾ ഉള്ളിൽ ഒരു ഭയം ആണ്... "ഡാ ഇന്ന് നമുക്ക് ഉപ്പ്മാവ് ഉണ്ടാക്കിയാലോ" എന്ന് അവൻ ചോദിക്കുമ്പോൾ ഞെഞ്ചിടിപ്പു കൂടും...🤭. നാളെയും ഉപ്പ്മാവാണ്... കണ്ടറിയാം എന്ത് സംഭവിക്കുമെന്ന്...🤭

Monday, 13 April 2020

അടുക്കളഭരണം... 🚶🚶‍♂️🏃🏃‍♂️

അടുക്കളഭരണം 
===============
"അരുണേട്ടാ, അരി തീർന്നു കേട്ടോ.. വൈകിട്ടു വരുമ്പോൾ മേടിക്കണേ... 🥰🥰

കഴിഞ്ഞ ആഴ്ച അല്ലേ അരി മേടിച്ചത്.. !!!
നീ എല്ലാം കൂടി ഒരുമിച്ച് ഇട്ടോ?? (ദേഷ്യം). 😡നിന്നെക്കൊണ്ട് പറ്റില്ലേൽ പറ.. ഞാൻ നോക്കിക്കോളാം അടുക്കളയും...ജോലിയും എല്ലാം..!!!🤬😠

മറുപടി ഭാര്യയുടെ മൗനം...🤐രക്ഷപെട്ടു...ഉച്ചത്തിൽ സംസാരിച്ചാൽ അവൾ പിന്നെ മിണ്ടില്ല...😌

മേല്പറഞ്ഞത് ലോക്ക്ഡൗണിനു മുൻപുള്ള അവസ്ഥ...ഭാര്യ ഡൽഹിയിൽ ഒപ്പം ഉണ്ടായിരുന്ന നിമിഷങ്ങൾ...ഇപ്പോ അവൾ നാട്ടിലും...ഞാൻ കോർട്ടിലും..(ജോലി കോടതിയിൽ ആണേ)..👨‍⚖️

ലോക്ക്ഡൗൺ  കാരണം പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കി...സ്വന്തമായി ഉണ്ടാക്കി കഴിക്കാം എന്ന "ദൃഢനിശ്ചയം"....💪21ദിവസത്തേക്കല്ലേ... 3kg അരി ധാരാളം...ഭാര്യക്ക് കാണിച്ചു കൊടുക്കണം അടുക്കള എങ്ങനെ ഭരിക്കണം എന്ന്... 😎

നാലാം ദിവസം അരി തീർന്നു...ഭാര്യയുടെ വാക്കുകൾ വേദനയോടെ ഞാൻ ഓർത്തു പോയി...അവളുടെ മൗനം... കൊറോണയെക്കാൾ ഭയാനകം ആണെന്ന് മനസിലാക്കിയ നിമിഷങ്ങൾ...😳😱

സത്യത്തിൽ നമുക്കെന്തറിയാം അടുക്കളഭരണത്തെക്കുറിച്ച്....ഭരണം ഒന്ന് ഏറ്റെടുത്തു നോക്കൂ....കിളി പോകും ചങ്ങാതീ.. സോമാറ്റോയും, യൂബർഈറ്റ്സും എന്നും  കാണില്ല കൂടെ....അനുഭവം ഗുരു...🤦‍♂️

മനസ്സിൽ മാപ്പു പറഞ്ഞു കൊണ്ട് ഞാൻ അവളോട് ചോദിച്ചു.....നന്ദിനിക്കുട്ടീ....😍..ഇനി 13ദിവസം...ഏകദേശം എത്ര കിലോ അരി വേണ്ടി വരും?? 😊
മറുപടി..."നിങ്ങടെ വയറല്ലേ...നല്ല ഉച്ചത്തിൽ വയറിനോട് തന്നെ പോയി ചോദിക്ക്...അല്ലാ പിന്നെ..."😡

ഞാൻ: മൗനം...😐😐...അപ്പോളും ബാക്കി വന്ന അരി അടുപ്പിൽ എന്നെ നോക്കി പുച്ഛത്തോടെ തിളച്ചു മറിയുകയായിരുന്നു...🥣

സന്ദേശം :: "ചെറിയ പാളിച്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വരും...വലിയ വില" (കടമെടുത്ത വാക്കുകൾ)🙏🙏🙏

അമ്മയുടെ തമാശകൾ... 😊😊

അമ്മയുടെ തമാശകൾ..😊😊
===========================
കുട്ടിക്കാലത്ത് കഥകൾ എഴുതാൻ വലിയ ആഗ്രഹമായിരുന്നു.....അപ്പൊ അമ്മ പറഞ്ഞു  ഒരുപാട് വായിച്ചാൽ മാത്രമേ കഥകളൊക്ക എഴുതാൻ കഴിയൂ... 🤗അങ്ങനെ ബാലരമയും കളിക്കുടുക്കയും ഒക്കെ മാറി മാറി വായിക്കും...📚

 എന്നിട്ടു ഒരു പേപ്പറും പെൻസിലും എടുത്ത് അമ്മയുടെ കൂടെ അടുക്കളയിൽ ചെന്നു സിപ്പി പള്ളിപ്പുറത്തിനെ മനസ്സിൽ ധ്യാനിച്ച് ഇരുന്നു എഴുതും..✏️📋. "മാലു എന്നൊരു മുയൽ ഉണ്ടായിരുന്നു.. അവൻ അഹങ്കാരിയായിരുന്നു... ഒരു ദിവസം..." 🤭അങ്ങനെ വായിച്ച കഥ തന്നെ എഴുതി വയ്ക്കും... എന്നിട്ട് അമ്മയെ കാണിക്കും...അപ്പോൾ അമ്മയുടെ മുഖത്തെ ആ പുഞ്ചിരി ഉണ്ടല്ലോ....☺️☺️അത് കാണുമ്പോ ഞാൻ ലോകം കീഴടക്കിയ പോലെ ഒരു സുഖം...✊️✊️ഞാൻ ഒരു എഴുത്തുകാരൻ ആയി എന്ന അഭിമാനം മനസ്സിൽ...✍️പുഞ്ചിരി കഴിഞ്ഞു അമ്മ പറയും... ഇന്ന് ഇത്രേം മതി...ഇനി അടുത്ത ലക്കം ബാലരമ വരുമ്പോ കഥ എഴുതാം...എന്നിട്ടു ഒരു പൊട്ടിച്ചിരിയും...🤣🤣

ഇപ്പോൾ ഈ എഴുതിക്കൂട്ടുന്നത് അമ്മക്ക് അറിയില്ല...അമ്മ ഫേസ്ബുക്കിൽ ഇല്ലാലോ....😜 അമ്മ കണ്ടാൽ ഉറപ്പായും ചോദിക്കും..."നീ വീണ്ടും ബാലരമ വരുത്തി തുടങ്ങി അല്ലേടാ..."😛😛.

പൂക്കാത്ത നന്ത്യാർവട്ടവും, പൂത്തുലഞ്ഞ ചെമ്പരത്തിയും!!!

പൂക്കാത്ത നന്ത്യാർവട്ടവും, പൂത്തുലഞ്ഞ ചെമ്പരത്തിയും!!! 🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌱 ജ്യോതിഷം ആണ് ഇന്നത്തെ വിഷയം....ഭാവി അറിയാൻ താല്പര്യം ഉ...